ദിസ്പുര്‍: അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. നദികള്‍ കരകവിഞ്ഞൊഴുകുന്നത് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ ഇരു സംസ്ഥാനങ്ങളുടെയും ഒട്ടു മിക്ക ഭാഗങ്ങളും വെള്ളപ്പൊക്കഭീഷണി നേരിടുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച വ്യക്തമാക്കി. 

തിങ്കളാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ അസമില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 103 ആയി. സംസ്ഥാനത്തിന്റെ 33 ജില്ലകളില്‍ 22 എണ്ണത്തിലും വെള്ളം കയറിയതിനെ തുടര്‍ന്ന് 20 ലക്ഷത്തിലധികം പേരെ ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഗോല്‍പാര ജില്ലയാണ് ഏറ്റവും ബാധിക്കപ്പെട്ടിട്ടുള്ളത്. ജില്ലയിലെ 4,62,000 ത്തോളം പേര്‍ ദുരിതത്തിലായിരിക്കുന്നതായും 45,000 ലധികം പേര്‍ 17 ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായും അധികൃതര്‍ പറഞ്ഞു. 

ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള മിക്ക നദികളും അപകടരേഖയ്ക്ക് മുകളിലായി നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ കാസിരംഗ ദേശീയോദ്യാനത്തിന്റെ നില കഴിഞ്ഞ ആഴ്ചത്തേക്കാള്‍ മെച്ചപ്പെട്ടു. ഉദ്യാനത്തിലെ 14 കാണ്ടാമൃഗങ്ങളുള്‍പ്പെടെ 130 ഓളം മൃഗങ്ങള്‍ വെള്ളപൊക്കത്തില്‍ പെട്ട് ചത്തൊടുങ്ങി. 

ബിഹാറിലെ സ്ഥിതിയും മോശമായി തുടരുകയാണ്. 38 ല്‍ 11 ജില്ലകളും അതിരൂക്ഷമായാണ് ബാധിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം 2.4 ദശലക്ഷം പേരെ പ്രളയം ബാധിച്ചു. ദര്‍ബാംഗ ജില്ലയാണ് ഏറ്റവും ബാധിക്കപ്പെട്ടത്. പുതിയ ഇടങ്ങളിലേക്കും ദുരന്തം വ്യാപിച്ചിരിക്കുകയാണ്. 

കനത്ത മണ്‍സൂണ്‍ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയുണ്ടെന്ന് പട്‌ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹിമാലയത്തിന്റെ അടിവാരങ്ങളില്‍ മണ്‍സൂണ്‍ എത്തിച്ചേരാന്‍ താമസമില്ലെന്നും ബിഹാറിന്റെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും ഡ്യൂട്ടി ഓഫീസര്‍ എസ് കെ പട്ടേല്‍ അറിയിച്ചു.