ദെഹ്‌റാദൂണ്‍: പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യ ഊര്‍ജോല്പാദന നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ചൈനയിലുണ്ടായ പ്രളയം ഇന്ത്യക്ക് ഒരു മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഇത്തവണ ചൈനയിലെ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയില്‍ രേഖപ്പെടുത്തിയത്. മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായും വന്നു. 

കനത്ത മഴയെ തുടര്‍ന്ന് ലുയോങ്ങിലെ യിഹെറ്റന്‍ ഡാമില്‍ വിളളലുണ്ടായതായി ചൊവ്വാഴ്ച വൈകീട്ട് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡാം എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാമെന്ന് ചൈനീസ് സൈന്യം മുന്നറിയിപ്പും നല്‍കി. ഇതേ തുടര്‍ന്ന് പ്രളയ ജലം ഒഴുക്കിക്കളയാന്‍ സൈന്യം നിര്‍ബന്ധിതരായതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 

നിരവധി ഡാമുകളും റിസര്‍വോയറുകളും അനുവദനീയമായ ജല സംഭരണശേഷി പിന്നിട്ടുകഴിഞ്ഞു. നിറഞ്ഞുകവിയുന്ന നദികളെ വഴിതിരിച്ചുവിട്ട് വെള്ളപ്പൊക്കം ഒഴിവാക്കാനാണ് സൈന്യത്തിന്റെ ശ്രമം. 

വെള്ളപ്പൊക്കത്തിന് നിരവധി കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ അന്തരീക്ഷ താപീകരണമാണ് കനത്ത മഴയ്ക്ക് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നതില്‍ പ്രധാനം. 

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് മഞ്ഞുപാളിയിടിഞ്ഞ് ഉത്തരാഖണ്ഡ് ജോഷി മഠിലെ രണ്ട് ജലവൈദ്യുത പദ്ധതികള്‍ തകര്‍ന്നത്. സമീപകാലങ്ങളിലായി ഹിമാലയന്‍ സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുളള നിരവധി പ്രകൃതി ദുരന്തങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വലിയ അണക്കെട്ടുകൾ പണിയേണ്ടതുണ്ടോയെന്നാണ് ഉയരുന്ന ചോദ്യം. 

'ലോക കാലാവസ്ഥയില്‍ ബാഷ്പീകരണം കുതിച്ചുയരുന്നതിന്റെ തെളിവുകളുണ്ട്. പലയിടത്തും കാട്ടുതീ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. ഉത്തരാഖണ്ഡില്‍ മാത്രമല്ല, യുഎസിലും ഓസ്‌ട്രേലിയയിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യൂറോപ്പിലും ചൈനയിലും ഹിമാചല്‍ പ്രദേശിലും വെള്ളപ്പൊക്കമുണ്ടാകുന്നു. ഇതെല്ലാം വളരെ കുറച്ച് ആഴ്ചകള്‍ക്കുളളില്‍ സംഭവിക്കുന്നതാണ്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ഇതെല്ലാ വര്‍ഷവും സംഭവിക്കുകയില്ലെന്ന് പറയുന്നത് മണലില്‍ തല പൂഴ്ത്തുന്നതിന് തുല്യമാണ്.' ദെഹ്‌റാദൂണിലെ പീപ്പിള്‍സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ രവി ചോപ്ര പറയുന്നു. 

വലിയ റവന്യൂ സ്രോതസ്സുകളായി അവതരിപ്പിച്ചുകൊണ്ടാണ് ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നത്. എന്നാല്‍ സമീപകാലത്തുണ്ടായ ദുരന്തങ്ങള്‍ എടുത്തുനോക്കുകയാണെങ്കില്‍ ഇവ മൂലമുണ്ടായ നാശനഷ്ടങ്ങളുടെയും ഇവ മൂലമുണ്ടായ റവന്യൂ നഷ്ടത്തിന്റെയും ഇത് തിരിച്ചടിക്കുന്നതാണ് കാണാനാവുക. അണക്കെട്ടുകൾ ഫ്‌ളഡ് റെഗുലേറ്ററാണെന്ന കേന്ദ്രവാദത്തെയും ചൈനയിലെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു. 

'അണക്കെട്ടുകളുടെ കാലഘട്ടം കഴിഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിലെ സാങ്കേതികതയാണത്. സൗരോര്‍ജവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജലവൈദ്യുതി വളരെയധികം പണച്ചെലവേറിയതാണ്.' രവി ചോപ്ര പറയുന്നു.