ന്യൂഡല്‍ഹി: കേരളത്തിന് വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച് ചട്ടങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. അതാത് രാജ്യങ്ങളിലെ നിയമങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.

ഒരു രാജ്യമെന്ന തരത്തില്‍ കേരളത്തിന് നല്‍കുന്ന സഹായമാണ് കേന്ദ്രം വിലക്കിയിട്ടുള്ളത്. എന്നാല്‍ എന്‍.ജി.ഒ കളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങള്‍ നിന്നോ സംഭാവന സ്വീകരിക്കുന്നതില്‍ നിലവില്‍ തടസമില്ല. അതിനാല്‍ മന്ത്രിമാരുടെ വിദേശ യാത്രക്ക് തടസമുണ്ടാകാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.

കേന്ദ്രസര്‍ക്കാരിനു മുന്നില്‍ മന്ത്രിമാര്‍ അനുമതി തേടി എത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടിരുന്നു. ഇക്കാര്യം വിദേശ കാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നിലപാട് കേന്ദ്രം വീണ്ടും വ്യക്തമാക്കിയത്.