അഹമ്മാദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കുവാര്‍ജി ബവാലിയ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപി മന്ത്രിസഭയില്‍ അംഗമായി. അഞ്ചു തവണ കോണ്‍ഗ്രസ് എംഎല്‍എയും ഒരു തവണ എംപിയുമായിരുന്നു ബവാലിയ.
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കമാണ് മന്ത്രിയായി ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ പ്രബല സാമുദായമായ കോലി നേതാവ് കൂടിയായ ബവാലിയ സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളില്‍ ഒരാളാണ്. പാര്‍ട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ഗുജറാത്ത് നിയമസഭയിലെ അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറുകയും ചെയ്തു
സൗരാഷ്ട്ര മേഖലയിലെ പ്രമുഖ നേതാവാണ് ബവാലിയ. ഈ മേഖലയില്‍ ബിജെപിക്ക് 2017ലെ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സീറ്റുകള്‍ നഷ്ടമായിരുന്നു.
പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ എറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ബവാലിയ. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ പ്രതിപക്ഷ നേതാവ് പദവിക്കായി അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഇടപെട്ട് പരേഷ് ധനാനിക്ക് പദവി നല്‍കുകയായിരുന്നു.
2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുഴുവന്‍ സീറ്റുകള്‍ നേടുമെന്നും ഇതൊരു തുടക്കം മാത്രമാണിതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ജിതു വഗാനി പറഞ്ഞു. ബവാലിയയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബവാലിയയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. ബവാലിയ കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ചു തവണ എംഎല്‍എയും ഒരു തവണ എംപിയും ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരിയും മകളും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. സൗരാഷ്ട്രയിലെ ജനങ്ങളോട് ബവാലിയ മറുപടി പറയണമെന്നും ചാവ്ദ ആവശ്യപ്പെട്ടു.