ചിരാഗ് പസ്വാൻ | Photo: ANI
പട്ന: ബിഹാറില്‍ ചിരാഗ് പസ്വാന്റെ ലോക് ജനതാ ശക്തി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് അഞ്ച് ലോക്സഭാ എംപിമാര്‍ പശുപതി കുമാര്‍ പക്ഷത്തേക്ക് ചാടി. പാര്‍ലമെന്റില്‍ തങ്ങളുടെ നേതാവായി പശുപതിയെ തിരഞ്ഞെടുത്തതായി എംപിമാര്‍ പ്രഖ്യാപിച്ചു. തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് പാര്‍ട്ടി വിട്ട എംപിമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇനി പാര്‍ട്ടിയില്‍ ശേഷിക്കുന്ന ഏക എംപി ചിരാഗ് ആണ്.
ചിരാഗ് പസ്വാന്റെ ഇളയച്ഛനും എല്‍ജെപി ഹിജാപുര്‍ എംപിയുമായ പശുപതി കുമാര്‍ ആണ് എല്‍ജെപിയിലെ വിമതനീക്കത്തിന് പിന്നില്‍. പശുപതിക്ക് പുറമേ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്. വീണ ദേവി, മെഹബൂബ് അലി കൈസര്‍ എന്നീ എംപിമാരാണ് വിമതനീക്കം നടത്തിയത്. അതേസമയം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്പര്യമുള്ളവരാണ് തനിക്കൊപ്പം വന്നതെന്നും പാര്‍ട്ടി സംരക്ഷിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായതെന്ന് പശുപതി കുമാര്‍ പ്രതികരിച്ചു.
നിതീഷ് കുമാറുമായി അടുത്തബന്ധമുള്ള പശുപതി കുമാറും ചിരാഗും ഏറെക്കാലമായി ശീതയുദ്ധത്തിലായിരുന്നു. ചിരാഗിന്റെ പല പ്രവര്‍ത്തനങ്ങളിലും പശുപതി കുമാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പശുപതി കുമാര്‍ പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നാണ് സൂചനകള്‍. ലോക്ജനശക്തി പാര്‍ട്ടിയെ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ലയിപ്പിക്കാനാണ് പശുപതിയുടെ നീക്കമെന്നാണ് അഭ്യൂഹങ്ങള്‍. അതേസമയം അത്തരം റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു. എല്‍ജെപി ഞങ്ങളുടെ പാര്‍ട്ടിയാണ്. ബിഹാറില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാംവിലാസ് പസ്വാന്റെ മരണശേഷം 2019ലാണ് ചിരാഗ് എല്‍ജെപിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. ബിഹാര്‍ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎ വിട്ട ചിരാഗ് സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് നിതീഷ് നയിക്കുന്ന ജെഡിയുവിന് വലിയ തിരിച്ചടിയായിരുന്നു. ജെഡിയു മത്സരിച്ച 135 മണ്ഡലങ്ങളിലും എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. സ്വന്തം സീറ്റ് എണ്ണം കൂടിയില്ലെങ്കിലും നിതീഷിന്റെ സീറ്റ് കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു ചിരാഗ് പ്രഖ്യാപിച്ചത്.
നിതീഷിനെ പൂര്‍ണമായി വീഴ്ത്തിയില്ലെങ്കിലും ജെ.ഡി.യു.വിന്റെ സീറ്റെണ്ണം കുറയ്ക്കുന്നതിനും എന്‍.ഡി.എ.യില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി.യെ വളര്‍ത്തുന്നതിനും ചിരാഗിന്റെ നീക്കങ്ങള്‍ക്കായി. ഒരു എം.എല്‍.എ. യെ മാത്രമാണ് നിയമസഭയിലേക്കയക്കാന്‍ ചിരാഗിനു കഴിഞ്ഞത്. എങ്കിലും പ്രഖ്യാപിത ലക്ഷ്യമായ നിതീഷിനെ ക്ഷീണിപ്പിക്കുക എന്ന ദൗത്യത്തില്‍ ഒരളവുവരെ വിജയിക്കുകയും ചെയ്തു.
ഇതിന്റെ പ്രതികാരമാണ് എംപിമാരെ അടര്‍ത്തിയെടുത്തു ചിരാഗിനെ ഒറ്റപ്പെടുത്താനുള്ള നിതീഷിന്റെ നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍. അതേസമയം ചിരാഗിന്റെ ധാര്‍ഷ്ട്യമാണ് പിളര്‍പ്പിനു പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..