അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് ജീവനക്കാര്‍ മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിലുള്ള ഫാക്ടറിയിലാണ് അപകടം നടന്നതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രക്ഷാപ്രവര്‍ത്തനം വൈകിയും തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.

അഞ്ച് ജീവനക്കാരുടെ മരണം സ്ഥിരീകരിച്ചുവെന്ന് ഭറൂച്ച് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ബോയിലര്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തിലാണ് 57 തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. ഇവരെ വഡോദരയ്ക്ക് സമീപമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സ്‌ഫോടനം നടന്ന ഫാക്ടറിക്ക് സമീപമുള്ള രണ്ട് ഗ്രാമങ്ങളിലെ ജനങ്ങളെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനമുണ്ടായ ബോയിലറിന് സമീപം രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണിത്. രാത്രിയോടെ തീ നിയന്ത്രണ വിധേയമായെന്നാണ് അധികൃതര്‍ പറയുന്നത്.

Content Highlights: Five killed in Gujarat factory blast; 50 injured