ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു.

സുരങ്കോട്ട് മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മിഷൻ ഓഫീസർ ഉൾപ്പെടെയുള്ള 5 സൈനികർ കൊല്ലപ്പെട്ടത്.

രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയതായി കണ്ടെത്തുകയായിരുന്നു. എന്നാൽ മാരകായുധങ്ങളുമായെത്തിയ ഭീകരവാദികർ ഒളിഞ്ഞിരുന്ന് സൈനികർക്ക് നേരെ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ പ്രാദേശത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ച് പേർ മരിക്കുകയായിരുന്നു.

ചാംറർ വനത്തിൽ നുഴഞ്ഞു കയറ്റക്കാരായ ഭീകരവാദികൾ മാരകായുധങ്ങളുമായി ഒളിച്ചിരിപ്പുണ്ടെന്നും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി.

നേരത്തെ അനന്ദ് നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരാൾ ഇംതിയാസ് അഹമ്മദ് ദർ ആണെന്നും കശ്മീരിലെ ജനങ്ങളെ കൊലപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആളാണെന്നുമാണ് വിവരം.