ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. 

ഫത്തേഹാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റില്‍ ടാങ്കില്‍ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. 

സോനു(25), രാം ഖിലാഡി, ഹരിമോഹന്‍(16), അവിനാശ്(12) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു. 

ഹരിമോഹനും അവിനാശും അനുരാഗും സഹോദരങ്ങളാണ്. അപകടത്തില്‍ പെട്ടവരെ ഗ്രാമീണര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. 

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

 

Content Highlights: Five Dead After Falling Into Septic Tank In  Agra Uttar Pradesh