പ്രജ്ഞാ ഠാക്കൂർ വാക്‌സിൻ കുത്തിവെപ്പെടുക്കുന്നു | photo: narendra saluja|twitter
ഭോപ്പാൽ: ബിജെപി ഭോപ്പാൽ എംപി പ്രജ്ഞാ സിങ് ഠാക്കൂറിന് വസതിയിലെത്തി കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകിയതിൽ വിവാദം. ആരോഗ്യ പ്രശ്നങ്ങളില്ലാതെ അടുത്തിടെ ഒരു വിവാഹ പാർട്ടിയിൽ നൃത്തം ചെയ്യുകയും ബാസ്ക്കറ്റ് ബോൾ കളിക്കുകയും ചെയ്ത പ്രജ്ഞാ ഠാക്കൂർ കോവിഡ് വാക്സിനേഷനായി പ്രത്യേക ഇളവ് നേടിയെടുത്തതിനെ കോൺഗ്രസ് കടുത്ത ഭാഷയിൽ വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വരെയുള്ള ബിജെപി നേതാക്കളെല്ലാം ആശുപത്രികളിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്. പ്രജ്ഞാ ഠാക്കൂറിന് മാത്രം എന്തിനാണ് ഇളവ് അനുവദിച്ചതെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ ചോദിച്ചു. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പ്രജ്ഞാ ഠാക്കൂറിന് വാക്സിൻ നൽകുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം വാക്സിനേഷൻ നിയമം ലംഘിച്ചിട്ടില്ലെന്നും പ്രായമായവർക്കും രോഗികൾക്കും വാക്സിൻ നൽകാനുള്ള പ്രത്യേക ചട്ടത്തിൽ ഉൾപ്പെടുത്തിയാണ് പ്രജ്ഞാ ഠാക്കൂറിന് വാക്സിൻ നൽകിയതെന്നും സംസ്ഥാന രോഗപ്രതിരോധ വിഭാഗം ഓഫീസർ സന്തോഷ് ശുക്ല വ്യക്തമാക്കി.
2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞ ശേഷം 2017ലാണ് പ്രജ്ഞാ ഠാക്കൂർ ജാമ്യത്തിൽ ഇറങ്ങിയത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കേസിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന അഭ്യർഥനയിൽ നേരത്തെ ഠാക്കൂറിന് മുംബൈയിലെ കോടതി ഇളവ് അനുവദിച്ചിരുന്നു.
content highlights:Fit To Dance But Gets Covid Shot At Home: BJP's Pragya Thakur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..