ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ രോഗവ്യാപനം രൂക്ഷമായിരുന്ന ഡൽഹിയിൽ ഞായറാഴ്ച ഒരൊറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ നാലര മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിനം ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്തത്. ഇതിനുമുമ്പ് മാർച്ച് രണ്ടിനാണ് ഡൽഹിയിലെ പ്രതിദിന കോവിഡ് മരണ സംഖ്യ പൂജ്യമായിരുന്നത്.

കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡൽഹിയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ പ്രതിദിന രോഗികളും മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിനം 448 മരണങ്ങൾ വരെ (മേയ് മൂന്ന്) റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് പേർ മാത്രമാണ് ഡൽഹിയിൽ മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണം 100ന് താഴെയാണ്.

ഞായറാഴ്ച 51 പേർക്കാണ് ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 71,546 പേരെ പരിശോധിച്ചു. 0.07 ശതമാമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 592 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 330 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

1.7 ശതമാനമാണ് ഡൽഹിയിലെ കോവിഡ് മരണനിരക്ക്. 25,027 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്. അതേസമയം രണ്ടാം തരംഗം രൂക്ഷമായിരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ വീടുകളിൽ മരിച്ച രോഗികളുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല.

content highlights:First time since March 2, Delhi sees day with no Covid death