റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. ആറു ജില്ലകളിലായി 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ്. 

ആരോഗ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ രാമചന്ദ്ര ചന്ദ്രവംശി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മുന്‍ ഐ.പി.എസ്. ഓഫീസറുമായ രാമേശ്വര്‍ ഉരാവു എന്നിവരാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍. മൊത്തം 189 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബി.ജെ.പി. 12 ഇടങ്ങളില്‍ മത്സരിക്കുന്നു. ഹുസെയ്‌നാബാദില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിനോദ് സിങ്ങിനെ ബി.ജെ.പി. പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തെ ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യം യഥാക്രമം നാല്, ആറ്, മൂന്ന് സീറ്റുകളില്‍ മത്സരിക്കും.

3906 പോളിങ് സ്റ്റേഷനുകളിലായി രാവിലെ ഏഴുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്. 37,83,055 വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ ബൂത്തിലെത്തുക. 989 വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങ് സൗകര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അഞ്ചു ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഡിസംബര്‍ 23-നാണ് ഫലപ്രഖ്യാപനം.

Content Highlights: First phase of polling for 13 seats begins in Jharkhand