ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബര്‍ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോര്‍പറേഷന്‍. ഇയാളുടെ യാത്രാ വിവരങ്ങള്‍ കോര്‍പറേഷന്‍ പുറത്തുവിട്ടു. നവംബര്‍ 20-ന് ഇന്ത്യയിലെത്തിയ 66 കാരനായ ഇയാള്‍ക്ക് കോവിഡ് സ്ഥരീകരിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം ദുബായിലേക്ക് പോകുകയായിരുന്നു. ഇയാള്‍ കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു. 

നവംബര്‍ 20-ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഇയാള്‍ അവിടെ നിന്നുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയനായ ഇയാള്‍ ഹോട്ടലിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഹോട്ടലിലെത്തി യുപിഎച്ച്സി ഡോക്ടര്‍ പരിശോധിക്കുകയും രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാളുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ചെയ്തു. പിറ്റേ ദിവസം സ്വകാര്യ ലാബില്‍ സ്വയം പരിശേധനക്ക് വിധേയനായ ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.  

ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 24 പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയ്ക്ക് വിധേയരായെങ്കിലും എല്ലാവരുടേയും ഫലം നെഗറ്റീവാണ്. യുപിഎച്ച്സി സംഘം ഇയാളുടെ ദ്വിതീയ സമ്പര്‍ക്കത്തിലുള്ള 240 പേരില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചെങ്കിലും എല്ലാം നെഗറ്റീവായി. നവംബര്‍ 20ന് അര്‍ധരാത്രി ഹോട്ടിലില്‍ നിന്ന് ടാക്‌സി കാറില്‍ വിമാനത്താവളത്തിലേക്ക് പോയ ഇയാള്‍ ദുബായിലേക്ക് പോയി. 

Content Highlights: First Omicron patient submitted negative report from private lab, left India on Nov 27