ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ജനുവരി 21-ന് ആദ്യ ചര്‍ച്ച നടത്തുമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. കഴിഞ്ഞയാഴ്ചയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി മരവിപ്പിക്കുകയും പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി സമിതി രൂപവത്കരിക്കുകയും ചെയ്തത്.
നേരിട്ട് കാണാന്‍ താല്‍പര്യപ്പെടുന്ന സംഘടനകളുമായി അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തും. നേരിട്ട് വരാന്‍ സാധിക്കാത്തവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തും-സമിതി അംഗം അനില്‍ ഖന്‍വട് പറഞ്ഞു. വരാനും ഞങ്ങളോടു സംസാരിക്കാനും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കും- ഖന്‍വട് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ അനുനയിപ്പിച്ച് ചര്‍ച്ചയ്ക്ക് കൊണ്ടുവരികയെന്നതും സംസാരിപ്പിക്കുക എന്നതുമാണ് ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങള്‍ പരമാവധി ശ്രമിക്കും- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ഖന്‍വട് പ്രതികരിച്ചു.
ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു.) പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മന്‍, ശേത്കാരി സംഘാടന്‍(മഹാരാഷ്ട്ര) പ്രസിഡന്റ് അനില്‍ ഖന്‍വട്, ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യ ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി എന്നിവരെയായിരുന്നു സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ കാര്‍ഷിക താല്‍പര്യം ചൂണ്ടിക്കാണിച്ച് ഭൂപീന്ദര്‍ മന്‍ സമിതിയില്‍നിന്ന് സ്വയം പിന്‍വാങ്ങിയിരുന്നു.
content highlights: first meet with farmers will be held on Jan 21st- committee appointed by supreme court