Image|PTI
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ കോവിഡ് ഭേദമായ ഡോക്ടര്‍ ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികള്‍ക്കായി പ്ലാസ്മ തെറാപ്പിക്കായി രക്തം ദാനം ചെയ്തു. ലഖ്നൗവിലെ പ്രശസ്തമായ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. തൊസീഫ് ഖാനാണ് പ്ലാസ്മ ദാനം ചെയ്തത്. ഒപ്പം സുഖം പ്രാപിച്ച മറ്റ് രോഗികളോടും ഇത് ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ റെസിഡന്റ് ഡോക്ടറാണ് ഡോ. തൊസീഫ് ഖാന്‍. ഉത്തര്‍പ്രദേശില്‍ രോഗം സ്ഥിരീകരിച്ച ആദ്യത്തെ ഡോക്ടറാണ് ഇദ്ദേഹം. ആശുപത്രിയിലെ കൊറോണ വൈറസ് വാര്‍ഡില്‍ പ്രവേശിപ്പിച്ച ഒരു രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
" 21 ദിവസം എനിക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് എന്റെ കൊറോണ പരിശോധനാഫലം നെഗറ്റീവായി. പിന്നീട് 14 ദിവസം വീട്ടില്‍ ക്വാറന്റൈനിലായി. ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണമായും സുഖം പ്രാപിച്ചു. പ്ലാസ്മ സംഭാവനയ്ക്കായാണ് ഞാന്‍ കെജിഎംയുവില്‍ എത്തിയത്. രോഗം ഭേദമായ എല്ലാ രോഗികളോടും മുന്നോട്ട് വന്ന് പ്ലാസ്മ സംഭാവന നല്‍കാന്‍ സഹായിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത് വളരെ എളുപ്പമുള്ള നടപടിക്രമമാണ്, അപകടമൊന്നുമില്ല." - ഡോ. ഖാന്‍ പറഞ്ഞു.
കൊറോണ വൈറസ് രോഗചികിത്സയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് പ്ലാസ്മ തെറാപ്പി. ഇതില്‍ അസുഖം ബാധിച്ച് സുഖംപ്രാപിച്ച ഒരു രോഗിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് പ്ലാസ്മ കൈമാറ്റം ചെയ്യുകയാണ് ചെയ്യുന്നത്. സുഖം പ്രാപിക്കുന്ന ഒരു രോഗിയുടെ രക്തത്തില്‍ വൈറസിനെതിരെ പോരാടുന്നതിനായി ശരീരം ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ഉണ്ടാകും. ഇത് ഗുരുതരാവസ്ഥയിലുള്ള രോഗിയെ സുഖപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: First COVID-19 +ve UP Doctor Donates Plasma After Recovery, Makes Appeal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..