ന്യൂഡല്‍ഹി: കോവിഡന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഡല്‍ഹിയിലും സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍നിന്ന് എത്തിയ വ്യക്തിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും അദ്ദേഹത്തെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു. വിദേശത്തുനിന്ന് ഡല്‍ഹിയിലെത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണ് ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആദ്യമായി രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ ആയിരുന്നു. മൂന്നാമത്തെ കേസ് ഗുജറാത്തിലെ ജാംനഗറിലും നാലാമത്തേത് മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമിക്രോണ്‍ വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണ് ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍നിന്ന് അയച്ച 60 സാമ്പിളുകളുടെ പരിശോധനാഫലവും ഞായറാഴ്ച വരാനിരിക്കുകയാണ്.

ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് നാലാംതരംഗം ആരംഭിച്ചത്. വൈറസില്‍ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വകഭേദം അപകടകാരിയാണെങ്കില്‍ മാത്രമാണ് ആശങ്കപ്പെടേണ്ടതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുന്‍കരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

നിലവിലെ കോവിഡ് വാക്സിന്‍ ഒമിക്രോണിനും പര്യാപ്തമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് വാക്സിനെടുത്തവര്‍ക്ക് രണ്ടുഡോസ് വാക്സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യു.കെ. അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അവകാശപ്പെട്ടിട്ടുണ്ട്.

Content Highlights : First Omicron case detected in Delhi, Total tally in India now at 5