Sidhu Moose Wala | Photo: ANI Photo/ Sidhu Moose Wala Instagram
ചണ്ഡീഗഢ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ (28) കൊലപാതകത്തില്‍ ഒരാളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ക്കിടയില്‍നിന്ന് കസ്റ്റഡിയിലെടുത്ത മന്‍പ്രീത് സിങ്ങിന്റെ അറസ്റ്റാണ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നേരത്തെ, കേസ് അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി തലവനായ ജുഡീഷ്യല്‍ കമ്മിഷനുണ്ടാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞിരുന്നു. മകന്റെ മരണം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് മൂസെവാലയുടെ അച്ഛന് ബാല്‍കൗര്‍ സിങ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി അന്വേഷണ തീരുമാനം പ്രഖ്യാപിച്ചത്.
ഞായറാഴ്ച മാന്‍സയിലാണ് അജ്ഞാതരുടെ വെടിയേറ്റ് മൂസെവാല മരിച്ചത്. അദ്ദേഹത്തിന്റെ ബന്ധു ഗുര്‍പ്രീത് സിങ്ങിനും സുഹൃത്ത് ഗുര്‍വീന്ദര്‍ സിങ്ങിനും പരിക്കേറ്റു. മൂസെവാലയുള്പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് താത്കാലികമായി പിന്‍വലിച്ചതിന്റെ പിറ്റേന്നാണ് കൊല നടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്. കാനഡയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാക്കള്‍ ലോറന്‍സ് ബിഷ്ണോയ്, ഗോള്‍ഡി ബ്രാര്‍ എന്നിവരെയാണ് സംശയിക്കുന്നത്.
നാലു പോലീസ് കമാന്‍ഡോകളുടെ സുരക്ഷയാണ് പഞ്ചാബ് സര്‍ക്കാര്‍ സിദ്ധു മൂസെവാലയ്ക്ക് അനുവദിച്ചിരുന്നത്. രണ്ടുപേരെ തിരിച്ചുവിളിച്ച പോലീസ് ബാക്കിയുള്ളവരെ അദ്ദേഹത്തിനൊപ്പം നിര്‍ത്തിയിരുന്നു. എന്നാല്‍, ഇവരെക്കൂട്ടാതെയും ബുള്ളറ്റ് പ്രൂഫ് വാഹനമെടുക്കാതെയുമാണ് ഞായറാഴ്ച മൂസെവാലയും ബന്ധുവും സുഹൃത്തും യാത്രപോയത്.
മകന്റെ ജീവനു ഭീഷണിയുള്ളതിനാല്‍, സുരക്ഷാ ഉദ്യോഗസ്ഥരുമായി അച്ഛന് ബാല്‍കൗര്‍ സിങ് മറ്റൊരു വാഹനത്തില്‍ പിന്നാലെപോയി. മാന്‍സ ജില്ലയിലെ ജവഹര്‍ കെ ഗ്രാമത്തിനടുത്തെത്തിയപ്പോള്‍ നാലുപേരുള്ള കാര്‍ മകന്റെ കാറിനെ പിന്തുടരുന്നത് അദ്ദേഹം കണ്ടു. ബര്‍ണാല ഗ്രാമത്തിനടുത്തേക്ക് തിരിഞ്ഞപ്പോള്‍ മറ്റൊരു കാര്‍ മുന്നിലെത്തി തടസ്സം തീര്‍ത്തു. രണ്ടിലുമുണ്ടായിരുന്നവര് മൂസെവാലയുടെ വാഹനത്തിനുനേരെ തുരുതുരെ വെടിവെച്ചു. മകനെ ബാല്‍കൗര്‍ സിങ്ങാണ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതെന്ന് എഫ്.ഐ. ആറില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..