ബെംഗളൂരു: ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം. ബന്നാര്‍ഘട്ട റോഡിലുള്ള ആശ്രിത് ആസ്‌പെയര്‍ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. 

പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഒരു സ്ത്രീയും കുട്ടിയുമാണ് ഈ ഫ്ലാറ്റിലുണ്ടായിരുന്നത്. തീപടര്‍ന്നതോടെ ഇവര്‍ ബാല്‍ക്കണിയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. സമീപവാസികള്‍ രക്ഷപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല. 

രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മറ്റുള്ളവര്‍ക്ക് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്നിശമന സേന തുടരുകയാണ്.

content highlights: fire breaks out at Bengaluru apartment, leaves two dead