ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ 203 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രേറ്റര്‍ നോയ്ഡയിലെ എക്കോടെക്ക് പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. തിരിച്ചറിയുന്ന 153 പേര്‍ക്കെതിരെയും തിരിച്ചറിയാന്‍ കഴിയാത്ത 50 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും ഉള്‍പ്പെട്ട സംഘം ഇന്നലെ പുറപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ യു.പി. പോലീസ് വഴിമധ്യേ തടഞ്ഞിരുന്നു. വാഹനം തടഞ്ഞപ്പോള്‍ നടന്നുപോകാന്‍ തീരുമാനിച്ച രാഹുലിനേയും പ്രിയങ്കയേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ത്തവ്യ നിര്‍വഹണത്തില്‍നിന്ന് തടയല്‍, കലാപം, മാരക ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കു മീതേ ചുമത്തിയിട്ടുണ്ട്.

ഡല്‍ഹി-നോയ്ഡ ഹൈവേയിലൂടെ ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനോടും 200ല്‍ അധികം വരുന്ന പ്രവര്‍ത്തകരോടും യാത്ര അവസാനിപ്പിക്കണമെന്ന്‌ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെന്നും അമ്പതോളം കാറുകള്‍ ഉള്‍പ്പെട്ട വാാഹനവ്യൂഹമായിരുന്നു അതെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കോവിഡ് പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗറില്‍ 144 പ്രഖ്യാപിച്ചിരുക്കുന്നതിനാല്‍ യാത്ര നിര്‍ത്താന്‍ രാഹുലിനോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ യാത്ര അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. പകരം യമുന എക്‌സ്പ്രസ് വേയുടെ നേര്‍ക്ക് ഇവര്‍ നീങ്ങി. 

content highlights: fir registers against rahul gandhi and priyank gandhi