ന്യൂഡല്‍ഹി: ചത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രിയുടെ സെക്സ് ടേപ്പ് നിര്‍മിച്ച് ഭീഷണി പെടുത്തിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയുടെ അറസ്റ്റ് സംസ്ഥാനത്ത് രാഷ് ട്രീയ വിവാദത്തിലേക്ക്. ഈ സംഭവവുമായി ബന്ധപ്പെട്ട്  മന്ത്രിയുടെ പരാതിയില്‍ ചത്തീസ്ഗഢ് പിസിസി പ്രസിഡന്റ് ഭുപേഷ് ഭാഗലിനെതിരെയും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സിഡി നിര്‍മിച്ചതിലും ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിലും ഭൂപേഷിനും പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ടിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

സെക്സ് ടേപ്പ് നിര്‍മിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മയെ ഗാസിയാബാദിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

എന്നാല്‍, തനിക്കെതിരായ ആരോപണം മന്ത്രി ശക്തമായി നിഷേധിച്ചിരുന്നു. സിഡി വ്യാജമാണെന്നും തന്നെ വ്യക്തിഹത്യ നടത്താനുള്ള പ്രതിപക്ഷത്തിന്റെ തന്ത്രമാണിതെന്നാണ് അദ്ദേഹം ആരോപിച്ചത്. 

അറസ്റ്റിലായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ വിനോദ് വര്‍മയ്ക്ക് കോടതി ജാമ്യം നിഷേധിക്കുകയും ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. 

എന്നാല്‍, പിടിയിലായ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് 500-ല്‍ അധികം സെക്സ് ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡികളും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തതായി റായിപുര്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് ശുക്ല അറിയിച്ചു. 

അശ്ലീല സിഡി കൈവശം വെച്ചതിന് ഐടി ആക്ടിലെ വകുപ്പുകള്‍ ചുമത്തിയാണ് വിനോദ് വര്‍മയ്ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും എസ്പി അറിയിച്ചു.

എന്നാല്‍, കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ഭാഗലിലും മന്ത്രിക്കെതിരായ വ്യാജ സിഡി നിര്‍മിച്ചതില്‍ പങ്കുണ്ടെന്ന് ബിജെപി വക്താവ് ശിവ്രത്തന്‍ ശര്‍മ ആരോപിച്ചു. 

അതേസമയം സിഡി തന്റെ കൈവശമുണ്ടെന്നും തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നുമായിരുന്നു വിനോദ് വര്‍മയുടെ പ്രതികരണം. 

ബിബിസി, അമര്‍ ഉജാല തുടങ്ങിയ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുള്ള വിനോദ് വര്‍മ എഡിറ്റേഴ്സ് ഗ്രില്‍ഡ് ഓഫ് ഇന്ത്യുടെ അംഗവുമാണ്.