ജമ്മു: ജമ്മു-കശ്മീരിലെ കത്തുവ ജില്ലയില്‍ നടന്ന ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിന് ബിജെപി നേതാവും എംഎല്‍എയുമായ രാജീവ് ജാസ്രോതിയയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ദേശിയ പതാകയെ അപമാനിച്ചതിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പ്രദേശവാസിയായ വിനോദ് നജ്‌വാന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് ബിജെപി നേതാവും കണ്ടാല്‍ അറിയാവുന്ന ഏതാനും പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിയിരിക്കുന്നത്. കത്തുവ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് രാജീവ് ജാസ്രോതിയ.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാവായ രാഹുല്‍ ദേവ് ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പാതക തലകീഴായി പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് പരാതിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കേസെടുക്കുകയായിരുന്നു.

രണ്ട് കിലോമീറ്ററിലധികം പതാക തലകീഴായി പിടിച്ച് റാലി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ബിജെപി എംഎല്‍എയ്ക്കും മറ്റ് നേതാക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്. ദേശീയ പതാകയോട് അനാദരവ് കാട്ടിയതിനാണ് കേസ്‌.