Photo:twitter.com|ady18patel|
പോര്‍ബന്തര്‍: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ വെടിയുതിര്‍ക്കുകയും ഒരു ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഗുജറാത്ത് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയിലെ (പിഎംഎസ്എ) 10 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ഗുജറാത്ത് പോലീസ് കേസെടുത്തത്.
ഗുജറാത്ത് തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം അധികാരപരിധിയുള്ള പോര്‍ബന്ദര്‍ ജില്ലയിലെ നവി ബന്ദര്‍ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ബോട്ടുകളിലായി അഞ്ച് പേര്‍ വീതം തിരിച്ചറിയാത്ത പത്ത് പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടായ 'ജല്‍പാരി'ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് പാല്‍ഘര്‍ ജില്ലയിലെ മത്സ്യത്തൊഴിലാളിയായ ശ്രീധര്‍ രമേഷ് ചാംരെ (32) കൊല്ലപ്പെട്ടുവെന്നാണ് എഫ്ഐആര്‍.
ദിയു സ്വദേശിയായ ദിലീപ് സോളങ്കി (34) എന്ന മറ്റൊരു മത്സ്യത്തൊഴിലാളിക്ക് വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖ തീരദേശ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മത്സ്യബന്ധന ബോട്ടില്‍ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതേസമയം, മരിച്ച മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഞായറാഴ്ച ഓഖയില്‍ എത്തിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിനെ ഇന്ത്യ വളരെ ഗൗരവമായാണ് കാണുന്നത്. പാകിസ്താനുമായി നയതന്ത്രപരമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഡല്‍ഹിയിലെ ഉന്നത വിദേശകാര്യ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപം ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴ് മത്സ്യത്തൊഴിലാളികളുമായി ഒക്ടോബര്‍ 25ന് ഓഖയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടിലെ രണ്ട് തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ നിന്നും നാല് പേര്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ ദിയുവില്‍ നിന്നുമുള്ളവരാണ്.
Content Highlights: Fir against pak officers by indian police on indian fisherman killing case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..