ന്യൂഡല്‍ഹി: പൂട്ടിക്കിടന്ന കെട്ടിടത്തിന്റെ പൂട്ടു തകര്‍ത്തതിന്റെ പേരില്‍ ഡല്‍ഹിയിലെ ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ കേസ്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

പാല്‍ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരാണ് അനധികൃതമായി പ്രവര്‍ത്തിച്ചതെന്ന പേരില്‍ കെട്ടിടം പൂട്ടിയത്. ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ ചട്ടങ്ങള്‍ തെറ്റിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു നടപടി. 

എന്നാല്‍, തിങ്കളാഴ്ച മനോജ് തിവാരിയും അനുയായികളും സ്ഥലത്തെത്തി ബലമായി പൂട്ടു പൊളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങളില്‍ ഒന്നു മാത്രം പൂട്ടിയിട്ടത് പക്ഷപാതപരമാണെന്നാരോപിച്ചായിരുന്നു ബിജെപി നേതാവിന്റെ നടപടി. 

കോര്‍പറേഷന്റെ പക്ഷപാതപരമായ നടപടി കാരണമാണ് താന്‍ പൂട്ടുപൊളിച്ചതെന്ന് തിവാരി പറയുന്നു. ഈ പ്രദേശത്തെ എല്ലാ വീടുകളും നിയമവിരുദ്ധമായി നിര്‍മിച്ചവയാണ്. എന്നാല്‍ ഒരു പ്രത്യേക വീടിനു നേരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ല- തിവാരി പറയുന്നു. പൂട്ടുകള്‍ പൊളിക്കുന്ന നടപടി താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Delhi, BJP, Manoj Tiwari, Delhi Municipal Corporation