ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റിയെന്ന ആരോപണത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. പോലീസ് തയാറാക്കിയ എഫ്‌ഐആർ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 

അടുത്ത കാലത്ത് കര്‍ഷകസമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനയില്‍ അസ്വസ്ഥരായ കര്‍ഷകര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം തടയാന്‍ ഒത്തുകൂടുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചുകയറിയത്. കൊല്ലപ്പെട്ട എട്ടുപേരില്‍ നാല് പേര്‍ കര്‍ഷകരാണ്. 

തന്റെ മകന്‍ ആശിഷ് മിശ്രയ്ക്ക് അക്രമവുമായി ബന്ധമുണ്ടെന്ന കര്‍ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്ത് വന്നിരുന്നു.

അതേസമയം, ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡല്‍ഹിയിലുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചിട്ടുണ്ട്. 

Content Highlights: FIR against ajay kumar mishras son farmers protests with deadbodies of deceased