ന്യൂഡല്‍ഹി:ശബ്ദമലിനീകരണത്തിന് ഈടാക്കുന്ന പിഴത്തുക വര്‍ധിപ്പിച്ച് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി(ഡിപിസിസി). നഗരത്തില്‍ ശബ്ദമലിനീകരണം ഉണ്ടാക്കിയാല്‍ സര്‍ക്കാരിന് ഇനി ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താം. 

പുതിയ ചട്ടമനുസരിച്ച് വ്യവസ്ഥ ചെയ്തിരിക്കുന്ന സമയത്തിന് ശേഷം ജനവാസമേഖലയിലോ വാണിജ്യമേഖലയിലോ പടക്കം പൊട്ടിച്ചാല്‍ ആയിരം രൂപയും നിശബ്ദമേഖലയില്‍ പടക്കം പൊട്ടിച്ചാല്‍ മൂവായിരം രൂപയും പിഴ ഈടാക്കും. 

ജനവാസമേഖലയിലോ വ്യാണിജ്യമേഖലയിലോ നടത്തുന്ന റാലിയിലോ വിവാഹാഘോഷച്ചടങ്ങിലോ ഉത്സവാവസരത്തിലോ പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ചുളള നിബന്ധനകള്‍ ലംഘിക്കുന്ന പക്ഷം പതിനായിരം രൂപയും നിശബ്ദമേഖലയില്‍ ലംഘിച്ചാല്‍ ഇരുപതിനായിരം രൂപയും ചടങ്ങിന്റെ സംഘാടകന്‍ പിഴയിനത്തില്‍ നല്‍കേണ്ടി വരും. പിഴ ചുമത്തപ്പെട്ട പ്രദേശത്ത് വീണ്ടും ഒരു തവണ ചട്ടലംഘനം നടത്തിയാല്‍ 40,000 രൂപയും രണ്ടിലധികം തവണ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപയും പിഴ ഈടാക്കും. 

കൂടാതെ, ജനറേറ്ററുകളില്‍ നിന്നുണ്ടാകുന്ന ശബ്ദമലിനീകരണം നിയന്ത്രിക്കാനും ഡിപിസിസി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴില്‍ശാലകളിലെ ശബ്ദമലിനീകരണമുണ്ടാക്കുന്ന യന്ത്രങ്ങള്‍ ജപ്തി ചെയ്യാനും പുതുക്കിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഡിപിസിസിയുടെ പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചു കഴിഞ്ഞു. വ്യവസ്ഥകള്‍ നടപ്പിലാക്കാനും പ്രതിമാസം റിപ്പോര്‍ട്ട് നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

Content Highlights: Fine up to Rs 1 lakh for creating noise pollution in Delhi