തിരുവനന്തപുരം:  വിവിധ വകുപ്പുകള്‍ക്കായി അനുവദിച്ചിരിക്കുന്ന പദ്ധതി വിഹിതത്തില്‍ 45 ശതമാനം കുറവ് വരുത്താന്‍ ആസൂത്രണ ബോര്‍ഡ് നിര്‍ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ വകുപ്പ് തലവന്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രവൃത്തികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ തീരുമാനിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണിത്.

പണലഭ്യതയിലെ ഗണ്യമായ കുറവ് മുന്‍കൂട്ടി കണ്ടാണ് പദ്ധതി പുനക്രമീകരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ പദ്ധതി പണം ചിലവഴിക്കുന്ന പൊതുമരാമത്ത്, ജലവിഭവം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ മേധാവികളുമായി ആസൂത്രണ ബോര്‍ഡ് ചര്‍ച്ച നടത്തി. പദ്ധതി വിഹിതത്തില്‍ 45 ശതമാനം കുറവ് വരുമെന്ന് കണക്കാക്കി പ്രവൃത്തികളുടെ മുന്‍ഗണന നിശ്ചയിക്കാനും യോഗത്തില്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. 

പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷവും പദ്ധതി വിഹിതത്തില്‍ 20 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. വരുമാനത്തിലെ വലിയ കുറവാണ് കടുത്ത തീരുമാനത്തിലേയ്ക്ക് പോകാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നതെന്നാണ് സൂചന. ഓഗസ്റ്റ് വരെയുള്ള പദ്ധതി ചെലവ് 17 ശതമാനം മാത്രമാണ്. ഇതില്‍ത്തന്നെ യഥാര്‍ഥ ചിലവ് അഞ്ച് ശതമാനമേയുള്ളൂ. ബാക്കിയുള്ളത് മുന്‍ വര്‍ഷത്തെ ബില്ലുകളാണ്. അഞ്ച് ശതമാനം ചെലവ് വന്നപ്പോള്‍ത്തന്നെ പദ്ധതിവിഹിതത്തില്‍ നാല്‍പത്തഞ്ച് ശതമാനം കുറവ് വരുത്തേണ്ടി വരുമ്പോള്‍ വര്‍ഷാന്ത്യത്തില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആശങ്ക. 

ആവര്‍ത്തിച്ചുണ്ടായ പ്രളയമാണ് സംസ്ഥാനത്തന്റെ സാമ്പത്തിക സ്ഥിതി മോശമാക്കാന്‍ ഇടയാക്കിയതെന്നാണ് സാമ്പത്തിക വകുപ്പിന്റെ വിശദീകരണം. എന്നാല്‍ രണ്ടാം പ്രളയത്തിന് ഒരു മാസം മുന്‍പുതന്നെ പദ്ധതി ചെലവ് 35 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശം ധനകാര്യ സെക്രട്ടറി സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Content Highlights: financial crisis; kerala government to cut 45% plan fund