മുംബൈ: വന്‍ സാമ്പത്തികശക്തിയാകാന്‍ സ്വപ്നം കാണുന്ന ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 25,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ഭാഗ്യകരവും ഗുരുതരവുമാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയതില്‍ ആശങ്ക പ്രകടിപ്പിച്ച ശിവസേന കോവിഡ് 19 നെതിരായ പോരാട്ടം 21 ദിവസത്തിനുള്ളില്‍ വിജയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍ പ്രസ്താവനയെയും വിമര്‍ശിച്ചു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നാം റഷ്യയെ മറികടന്നത്. കേസുകളുടെ എണ്ണം ഇതുപോലെ വര്‍ധിക്കുകയാണെങ്കില്‍ താമസിയാതെ നാം ഒന്നാം സ്ഥാനത്തെത്തും. മഹാഭാരതയുദ്ധം 18 ദിവസങ്ങളില്‍ അവസാനിച്ചു. മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം കൊണ്ട് നാം കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 100 ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കൊറോണ വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെതിരെ പോരാടുന്നര്‍ ക്ഷീണിതരായിക്കഴിഞ്ഞു. 

നിരവധി രാഷ്ട്രീയക്കാര്‍, പൊതുജനസേവകര്‍, പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മറ്റു ഭരണാധികാരികള്‍ എന്നിവര്‍ രോഗബാധിതരാണ്.കൊറോണ വൈറസ് ഇവിടെയുണ്ടാകും. നാം അതിനൊപ്പം ജീവിക്കേണ്ടി വരും. വൈറസിനെതിരായ വാക്‌സിന്‍ 2021-നു മുന്‍പ് എന്തായാലും ലഭ്യമാകില്ല. അതിനര്‍ഥം നാം കൊറോണ വൈറസിനൊപ്പം അതുവരെ ജീവിക്കേണ്ടി വരുമെന്നാണെന്നും ശിവസേന പറഞ്ഞു.

രാജ്യത്ത് എത്രദിവസം ലോക്ഡൗണ്‍ തുടരുമെന്നും ശിവസേന ചോദിക്കുന്നു. ഒരു രാഷ്ട്രീയ കക്ഷിയുടേയോ നേതാവിന്റേയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ചോദ്യം. വ്യവസായങ്ങള്‍, സമ്പദ വ്യവസ്ഥ, ജീവിതശൈലി എന്നിവയെ മഹാമാരി ബാധിച്ചിട്ടുണ്ടെങ്കിലും കോവിഡിനെതിരെ പോരാടേണ്ടത് അനിവാര്യമാണെന്നും ശിവസേന നിരീക്ഷിക്കുന്നു. 

Content Highlights:Fight against Covid 19: Shiv Sena mouthpiece Samna criticises PM Modi