കര്‍ഷക സമരം മുന്നോട്ട്; പോരാട്ടം ഒരേ സമയം സര്‍ക്കാരിനും കൊറോണയ്ക്കുമെതിരെ- യോഗേന്ദ്ര യാദവ്


കെ.എ. ജോണി

ആന്റി സി.എ.എ. സമരം പോലെ കര്‍ഷക സമരവും അവസാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് വലിയ മൗഢ്യമാവും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഈ സമരം തീരില്ല.

യോഗേന്ദ്ര യാദവ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ മാതൃഭൂമി

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ഒന്നര വര്‍ഷത്തോളമായി നടത്തുന്ന പ്രക്ഷോഭം തളര്‍ന്നിട്ടില്ലെന്നും പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടു പോവുകയാണെന്നും സമരത്തിന്റെ സംഘാടകരില്‍ ഒരാളും സ്വരാജ് ഇന്ത്യയുടെ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്. ''കൊറോണയ്ക്കെതിരെ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാണ് കര്‍ഷകര്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ലക്ഷ്യം കാണാതെ ഞങ്ങള്‍ മടങ്ങില്ല.'' ഡല്‍ഹിയില്‍നിന്ന് മാതൃഭൂമി ഡോട്ട്കോമിന് നല്‍കിയ ടെിലിഫോണ്‍ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാം ഭാഗം: മോദിക്ക് ജയിക്കാനറിയാം, ഭരിക്കാനറിയില്ല- യോഗേന്ദ്ര യാദവ്

കോവിഡ് 19 രണ്ടാം വ്യാപനത്തിനിടയില്‍ കര്‍ഷക സമരത്തിന് എന്താണ് സംഭവിക്കുന്നത് ?

പത്രങ്ങളുടെ ഒന്നാം പേജില്‍ ഇല്ലെങ്കിലും സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ നേതാക്കളില്‍ ഒരാള്‍ പറഞ്ഞതുപോലെ ''ഞങ്ങള്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണ്. കൊറോണയ്ക്കെതിരെയും ഞങ്ങള്‍ പോരാടും.'' രണ്ട് പോരാട്ടവും ഒരേ സമയം തുടരും. ഇടയ്ക്ക് ചെറിയൊരു ക്ഷീണമുണ്ടായിരുന്നു. കുറെ കര്‍ഷകര്‍ക്ക് വിളവെടുപ്പിനായി നാട്ടിലേക്ക് പോകേണ്ടി വന്നു. കഴിഞ്ഞ രണ്ടാഴ്ചകളായി കര്‍ഷകര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. സമരം സ്വയം കെട്ടടങ്ങുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. പക്ഷേ, കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യം സര്‍ക്കാരിന് മനസ്സിലായിട്ടുണ്ട്. ബലം പ്രയോഗിച്ച് സമരം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമരക്കാര്‍ക്കെതിരെ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചേക്കുമെന്നാണോ?

അങ്ങിനെയാണ് ചില ഹിന്ദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള മാദ്ധ്യമങ്ങളാണിവ. കര്‍ഷകരുടെ സമരം പൊളിക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ സഹായത്തോടെ ഒരു ഓപ്പറേഷന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കോവിഡിന്റെ വ്യാപനം ചൂണ്ടിക്കാട്ടി ഭീതി പരത്തി കുറെ കര്‍ഷകരെ സമരമുഖത്തുനിന്ന് മാറ്റിയ ശേഷം അര്‍ദ്ധസൈനിക വിഭാഗങ്ങളെ ഇറക്കി ബാക്കിയുള്ളവരെ നീക്കം ചെയ്യാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യം. എന്നാല്‍ കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരിക്കെ ഇനിയിപ്പോള്‍ അങ്ങിനെയൊരു സാഹസത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിരാനിടയില്ല.

കോവിഡ് 19 രണ്ടാം വ്യാപനം കര്‍ഷക സമരത്തെ ബാധിച്ചിട്ടുണ്ടോ?

പ്രത്യക്ഷത്തില്‍ അങ്ങിനെ ബാധിച്ചിട്ടുണ്ടെന്ന് പറയാനാവില്ല. അണുബാധയുടെ കാര്യത്തിലായാലും കര്‍ഷകരുടെ ആത്മവീര്യത്തിന്റെ കാര്യത്തിലായാലും കോവിഡ് 19 രണ്ടാം വ്യാപനത്തിന് വലിയ പ്രത്യാഘാതമൊന്നും ഉണ്ടാക്കാനായിട്ടില്ല. പക്ഷേ, ഞങ്ങള്‍ കരുതിത്തന്നെയാണ് നീങ്ങുന്നത്. ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഞങ്ങള്‍ എടുത്തിട്ടുണ്ട്.

പതിനായിരക്കണക്കിന് കര്‍ഷകരാണ് സമരമുഖത്തുള്ളത്. പുറത്തുവരുന്ന ദൃശ്യങ്ങളില്‍ മാസ്‌ക് ധരിക്കുന്ന കര്‍ഷകരുടെ എണ്ണം കുറവായിരുന്നു. ശാരീരിക അകലവും അങ്ങിനെയങ്ങ് പാലിക്കപ്പെടുന്നതായി കണ്ടില്ല. എന്നിട്ടും കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഇടയില്‍ അണുബാധ കുറവാണെന്നത് ശ്രദ്ധേയമായിരുന്നു. എന്തുകൊണ്ടായിരിക്കാം സമരക്കാരുടെ ഇടയില്‍ കോവിഡ് 19 അണുബാധ കുറവായിരിക്കുന്നത്?

ഞങ്ങള്‍ക്ക് സവിശേഷമായ പ്രതിരോധ ശേഷി ഉണ്ടെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. കര്‍ഷക സമരം കുംഭ മേളയുമായി താരതമ്യം ചെയ്യരുത്. ചെറിയൊരു സ്ഥലത്ത് തിങ്ങിക്കൂടി നടത്തുന്ന സ്നാനം പോലെയല്ല കര്‍ഷകരുടെ സമരം. കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്ന സ്ഥലത്താണ് കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്നത്. സിങ്കുവിലോ തിക്ക്രിയിലോ വന്നു നോക്കിയാല്‍ നിങ്ങള്‍ക്കിത് മനസ്സിലാവും. ഒരു ഗ്രാമത്തിന്റെ തുടര്‍ച്ച പോലെയാണിത്. ഒരു ഗ്രാമത്തില്‍ എങ്ങിനെയാണോ ജനങ്ങള്‍ താമസിക്കുന്നത് ഏതാണ്ടതുപോലയാണ് ഇവിടെ സമരക്കാര്‍ കഴിയുന്നത്. അവര്‍ എപ്പോഴും കൂട്ടമായല്ല ഇരിക്കുന്നത്. അവരുടെ ടെന്റുകളില്‍ , ട്രാക്റ്ററുകളിലൊക്കെയായി ചെറിയ ചെറിയ വീടുകളില്‍ താമസിക്കുന്നതുപോലെയാണ് സമരമുഖത്ത് കഴിയുന്നത്. മറ്റൊരു കാര്യം തുറസ്സാര്‍ന്ന സ്ഥലങ്ങളിലാണ് ഞങ്ങള്‍ കഴിയുന്നതെന്നതാണ്. വായു സഞ്ചാരം കുറഞ്ഞ, അടച്ചുപൂട്ടിയ ഇടങ്ങളിലാണ് കൊറോണ കൂടുതലായി വ്യാപിക്കുന്നത്. അതേസമയം തന്നെ ഞങ്ങള്‍ക്കാര്‍ക്കും പ്രത്യേകിച്ച് കൂടുതല്‍ പ്രതിരോധശേഷിയൊന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കുന്നത്.

കോവിഡ് 19 അണുബാധ കണ്ടെത്തുന്നതിന് സ്ഥിരമായി മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നുണ്ടോ?

സഥിരമായി പരിശോധനകള്‍ നടത്തുക എന്നത് പ്രായോഗികമല്ല. ഇന്ത്യയിലൊരിടത്തും അത്തരം പരിശോധനകള്‍ നടക്കുന്നില്ല. അങ്ങിനെ നടത്താന്‍ വലിയ സംവിധാനം ആവശ്യമാണ്. എന്നാല്‍ സാധാരണ ഗ്രാമങ്ങളെ അപേക്ഷിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട മെഡിക്കല്‍ സേവനം ലഭ്യമാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അത് ശ്രദ്ധിക്കുന്നതിന് സംവിധാനമുണ്ട്. സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ ഉടനെ ലഭ്യമാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ സമരമുഖത്ത് ഏകദേശം എത്ര പേരുണ്ടാവും?

അങ്ങിനെയാരു കണക്ക് എന്റെ കയ്യിലില്ല. എങ്കിലും ഒരു ലക്ഷത്തില്‍ താഴെ ആളുകള്‍ ഇപ്പോള്‍ സിങ്കുവിലും തിക്ക്രിയിലുമായി ഉണ്ടായിരിക്കണം. ഇതെന്റെയൊരു ഊഹമാണ്.

സമരം തുടങ്ങിയപ്പോഴുള്ള അതേ വീര്യവും ആത്മവിശ്വാസവും ഇപ്പോഴും കര്‍ഷകര്‍ക്കുണ്ടോ?

തീര്‍ച്ചയായും. വലിയ ആത്മവിശ്വാസത്തിലാണ് ഇപ്പോഴും കര്‍ഷകര്‍. പലരും പറയുന്നത് കൊറോണയൊന്നും അവരെ ബാധിക്കില്ലെന്നാണ്. കൊറോണയെ പേടിച്ച് സമരം നിര്‍ത്തില്ലെന്നും അവര്‍ പ്രഖ്യാപിക്കുന്നു. ആത്മവിശ്വാസം അതിരു വിടരരുതെന്ന് ഞങ്ങള്‍ അവരോട് പറയുന്നുണ്ട്. കൊറോണയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയുമുണ്ടാവരുത്.

പക്ഷേ,കേന്ദ്ര സര്‍ക്കാര്‍ സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. സമരക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയും നടക്കുന്നില്ല. സര്‍ക്കാരിന്റെ പ്രതികരണത്തെക്കുറിച്ച് എന്ത് പറയുന്നു?

ഏറ്റവും അവസാനം കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളോട് സംസാരിച്ചത് ഇക്കഴിഞ്ഞ ജനുവരി 22 നാണ്. അതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്‍െ ഭാഗത്ത് നിന്ന് ഒരു നീക്കവുമുണ്ടായിട്ടില്ല. ഒരു ടെലിഫോണ്‍ വിളിക്കപ്പുറത്ത് ഞങ്ങളുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, അങ്ങിനെയൊരു ടെലിഫോണ്‍ വിളി വന്നതേയില്ല. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞത്. പക്ഷേ, ക്ഷണമില്ലാതെ എങ്ങിനെയാണ് ചര്‍ച്ച നടക്കുക. സാധാരണഗതിയില്‍ സമരക്കാരല്ല സര്‍ക്കാരാണ് ചര്‍ച്ചയ്ക്ക് ക്ഷണിക്കേണ്ടത്. അവര്‍ വിചാരിക്കുന്നത് സമരം താനെ കെട്ടടങ്ങുമെന്നായിരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം അവസാനിച്ചതുപോലെ ഈ സമരവും തീരുമെന്നാവാം സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. കുറച്ചു ദിവസം മുമ്പ് കൃഷി മന്ത്രി പറഞ്ഞത് കൊറോണ വ്യാപിക്കുന്നതുകൊണ്ട് കര്‍ഷകര്‍ സമരം നിര്‍ത്തണമെന്നാണ്. ഈ പ്രശ്നം പരിഹരിക്കാനല്ല എങ്ങിനെയെങ്കിലും സമരം തകര്‍ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിനുണ്ടായ ദുര്‍ഗതി കര്‍ഷക സമരത്തിനുണ്ടാവില്ലെന്നാണ് താങ്കള്‍ പറഞ്ഞുവരുന്നത്?

കര്‍ഷകര്‍ നിശ്ചയദാര്‍ഢ്യമുള്ളവരാണ്. ലക്ഷ്യം കാണാതെ പിന്മാറുന്നവരല്ല അവര്‍. അതുകൊണ്ടാണ് വിളവെടുപ്പിനു ശേഷം കര്‍ഷകര്‍ സമരമുഖത്തേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് അപ്പുറത്തുനിന്നും പ്രത്യേകിച്ച് യു.പിയില്‍നിന്നുമുള്ള പിന്തുണ എങ്ങിനെയുണ്ട്?

യു.പിയില്‍ ഇപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മെഡിക്കല്‍ പ്രതിസന്ധിക്കിടയിലും യുപി സര്‍ക്കാര്‍ അത് നിര്‍ത്തിവെച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യുപിയില്‍നിന്ന് കര്‍ഷകരുടെ വലിയ ഒഴുക്കുണ്ടാവുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. പക്ഷേ, വലിയ കൂട്ടങ്ങള്‍ വേണ്ടെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം സമരമെന്നും ഞങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പക്ഷേ, എത്രകാലം സമരം ഇങ്ങനെ മുന്നോട്ടുപോവും. പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നിസ്സംഗ സമീപനം പുലര്‍ത്തുമ്പോള്‍?

സമരം എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കറിയാം. നീണ്ടു പോകുന്ന സമരമാണിത്. പക്ഷേ, ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും. വളരെ ഗംഭീരമായ ചില വിജയങ്ങള്‍ ഇതിനകം തന്നെ ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. കര്‍ഷകര്‍ക്ക് ബഹുമാനം തിരിച്ചുകൊടുത്തു എന്നതാണ് ആദ്യത്തെ നേട്ടം. കര്‍ഷകരെ നിസ്സാരരായി കരുതാനാവില്ലെന്ന് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ ശക്തിയെക്കുറിച്ച് കര്‍ഷകര്‍ക്ക് തന്നെ അവബോധമുണ്ടാവാന്‍ സമരം ഇടയാക്കി. കര്‍ഷകരുടെ ഐക്യമാണ് മറ്റൊരു നേട്ടം. ജാതി - മത - രാഷ്ട്രീയ ഭേദമന്യെ കര്‍ഷകരെ സമരം ഒരുമിപ്പിച്ചു.ദീര്‍ഘകാലയളവില്‍ ഈ നേട്ടങ്ങളാണ് മുഖ്യം. പക്ഷേ, പ്രഥമ ലക്ഷ്യം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെടണമെന്നതു തന്നെയാണ്. ആ ലക്ഷ്യം നിറവേറുമെന്നതില്‍ സംശയമില്ല. ഇതിലും വലിയ കടമ്പകള്‍ ഞങ്ങള്‍ ഇതിനകം താണ്ടിയിട്ടുണ്ട്. ഏറ്റവും കടുത്തൊരു മഞ്ഞുകാലമാണ് ഞങ്ങള്‍ ഇപ്പോള്‍ തരണം ചെയ്തത്. ഈ പ്രതിസന്ധിയും ഞങ്ങള്‍ മറികടക്കും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം നിര്‍ത്തുന്ന പ്രശ്നമമില്ലെന്നാണ് താങ്കള്‍ വ്യക്തമാക്കുന്നത്?

അതെ. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മൂന്ന് നിയമങ്ങളും പോവുക തന്നെ വേണം. അത് സംഭവിക്കുകയും ചെയ്യും. ഇപ്പോള്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് രാഷ്ട്രം. ആ പോരാട്ടം ദുര്‍ബ്ബലമാക്കുന്ന ഒരു നടപടിയും ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ല. ഇവിടെ സമരമുഖത്ത് കര്‍ഷകര്‍ ശ്രദ്ധിക്കുന്ന ഒരു കാര്യം കോവിഡ് രോഗികളെയും കൊണ്ടുപോവുന്ന ആംബുലന്‍സുകള്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നവുമുണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ്. സര്‍ക്കാര്‍ ഇടപെടാതെ തന്നെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമരക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ട്.

സമരവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ മുന്നിലുണ്ട്. പ്രക്ഷോഭത്തിന്റെ നിയമ വഴികളെക്കുറിച്ച് എന്താണ് കരുതുന്നുത്?

സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ കമ്മീഷനോട് സഹകരിച്ചിരുന്നില്ല. പിറന്നപ്പോഴേ ചത്ത കുട്ടിയാണത്. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഞങ്ങള്‍ക്ക് ആവലാതികളില്ല. ഞങ്ങളെ സമരമുഖത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ തീരുമാനമെടുക്കും മുമ്പ് സുപ്രീംകോടതി ഞങ്ങളെ കേള്‍ക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അപ്പോള്‍ വിഷയത്തിന്റെ സത്യാവസ്ഥ കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്കാവും.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. തിരഞ്ഞെടുപ്പ് ഫലം കാര്‍ഷകരുടെ സമരത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുമെന്ന് കരുതുന്നുണ്ടോ?

ഈ സമരത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ ഈ സംസ്ഥാനങ്ങളല്ല. അതുകൊണ്ടുതന്നെ ആ അര്‍ത്ഥത്തില്‍ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് കര്‍ഷക സമരത്തെ ആ രീതിയില്‍ സ്വാധീനിക്കാനാവില്ല. കര്‍ഷക സമരത്തെക്കുറിച്ചുള്ള ഹിതപരിശോധനയായി ഈ തിരഞ്ഞെടുപ്പുകള്‍ കാണാനാവില്ല. കൂടുതലും പ്രാദേശിക വിഷയങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകം. പക്ഷേ, കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. മികച്ച പ്രകടനം നടത്താനായാല്‍, പ്രത്യേകിച്ച് ബംഗാള്‍ പിടിക്കാനായാല്‍ അത് ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. പക്ഷേ, തിരിച്ചടിയുണ്ടായാല്‍ അവര്‍ക്ക് ആത്മപരിശോധന നടത്തേണ്ടി വരും. എവിടെയാണ് കണക്കുകൂട്ടലുകള്‍ പിഴച്ചതെന്ന് നോക്കേണ്ടി വരും.

(തുടരും )

Content Highlights: Fight against Central Government and Covid 19, says Yogendra Yadav


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented