ന്യുഡല്‍ഹി: ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രാജ്യത്തെ ലോ കോളേജുകളില്‍ സമാനമായ രീതിയില്‍ സംവരണം വേണമെന്ന ആവശ്യത്തെയും അദ്ദേഹം പിന്തുണച്ചു. സുപ്രീം കോടതിയില്‍ പുതുതായി നിയമിതരായ ഒന്‍പത് ജഡ്ജിമാര്‍ക്ക് ആശംസ അറിയിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ വനിതാ അഭിഭാഷകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജുഡീഷ്യറിയിലും കോളേജുകളിലും സംവരണം ലഭിക്കുക എന്നത് നിങ്ങളുടെ അവകാശമാണ്. അത് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്' ചീഫ് ജസ്റ്റിസ് പറഞ്ഞു.

'ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണ്. ഇത് ആയിരക്കണക്കിന് വര്‍ഷത്തെ അടിച്ചമര്‍ത്തലിന്റെ പ്രശ്‌നമാണ്. ജുഡീഷ്യറിയുടെ താഴത്തെ തലങ്ങളില്‍ 30 ശതമാനത്തില്‍ താഴെ ജഡ്ജിമാര്‍ മാത്രമാണ് സ്ത്രീകള്‍. ഹൈക്കോടതികളില്‍ ഇത് വെറും 11.5 ശതമാനമാണ്. സുപ്രീം കോടതിയില്‍ 11-12 ശതമാനം മാത്രമാണ് സ്ത്രീകള്‍,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകളെന്നും സംസ്ഥാന ബാര്‍ കൗണ്‍സിലുകളില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ശതമാനം പ്രതിനിധികള്‍ മാത്രമാണ് സ്ത്രീകളെന്നും എന്‍.വി രമണ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ കമ്മിറ്റിയില്‍ ഒരു വനിതാ പ്രതിനിധി പോലും ഇല്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. ഈ പ്രശ്‌നങ്ങള്‍ അടിയന്തരമായി തിരുത്തേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഈ മാസം ഇത് രണ്ടാം തവണയാണ് ചീഫ് ജസ്റ്റിസ് രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ സ്ത്രീ പ്രാതിനിധ്യം എന്ന വിഷയം ഉന്നയിക്കുന്നത്.

Content Highlights: Fifty percent reservation needed for women in judiciary says Chief Justice N V Ramana