ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സര്‍ക്കാര്‍. 

നിലവില്‍ സംസ്ഥാനത്ത് ആയിരത്തോളം കിടക്കകളില്‍ മാത്രമാണ് കോവിഡ് രോഗികളുള്ളത്. കിടത്തിചികിത്സ വേണ്ട തരത്തിലുള്ള പുതിയ രോഗികളെ സെന്ററുകളിലേക്ക് കൊണ്ടുവരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാരും മറ്റ് എന്‍.ജി.ഒകളും നടത്തുന്ന സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടുന്നത്.

കോവിഡ് കെയര്‍ സെന്ററുകളിലെ ചികിത്സാ ഉപകരണങ്ങള്‍ മൂന്നാംതരംഗത്തിന്റെ സാധ്യത പരിഗണിച്ച് സുരക്ഷിതമായി സൂക്ഷിക്കും. ഡോക്ടര്‍മാരുടെ നേതൃത്വത്തിലാവും ഇവ സംരക്ഷിക്കുക. 

സംസ്ഥാനത്തെ പല കോവിഡ് സെന്ററുകളിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകള്‍ വരുന്നില്ലെന്നും ഇത്തരം കേന്ദ്രങ്ങള്‍ ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്ന് ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസിലെ ഡോക്ടര്‍ പറഞ്ഞു.

ഓക്‌സിജന്‍ കിടക്കകളുടേയും ഐസിയും സൗകര്യത്തിന്റേയും ഒഴിവുകള്‍ അറിയാനുള്ള ഡല്‍ഹി കൊറോണ ആപ്പ് പ്രകാരം സംസ്ഥാനത്ത് എല്ലാ ഓക്‌സിജന്‍ കിടക്കകളും ഐസിയും കിടക്കകളും വെന്റിലേറ്ററുകളും ഒഴിവാണ്. വ്യാഴാഴ്ച 109 കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികള്‍ക്ക് വേണ്ടി നീക്കിവെച്ച 27,278 കിടക്കകളില്‍ 1,101 കിടക്കകളില്‍ മാത്രമാണ് ഇപ്പോള്‍ രോഗികളുള്ളതെന്നും ആപ്പിലെ കണക്കുകള്‍ പറയുന്നു. 

Content Highlights: Few patients remain at special Covid centres set up in Delhi, many plan closure