ഭോപ്പാല്‍: മീ ടൂ ക്യാമ്പയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം ഉന്നയിച്ച വനിതാ മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ മധ്യപ്രദേശ് മഹിളാ മോര്‍ച്ചാ അധ്യക്ഷ ലതാ ഖേല്‍ക്കര്‍. 

വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്ക്കളങ്കരൊന്നുല്ലാത്തത് കൊണ്ടാണ് അവരെ ദുരുപയോഗം ചെയ്യാന്‍ കഴിഞ്ഞതെന്നായിരുന്നു ലതാ ഖേൽക്കറുടെ പ്രസ്താവന. 

എം.ജെ.അക്ബര്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു. കുറ്റം ആരോപിച്ചവരും മാധ്യമപ്രവര്‍ത്തകരാണ്. എല്ലാവരുടേയും അടുത്ത് തെറ്റുണ്ട്. മീ ടൂ ക്യാമ്പയിനെ സ്വാഗതം ചെയ്യുന്നു. പീഡനത്തിനെതിരായി സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് അത്  ധൈര്യം നല്‍കിയിട്ടുണ്ട് .എന്നാല്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യം ഇപ്പോഴാണോ അവര്‍ക്ക് പീഡനമാണെന്ന് മനസ്സിലാകുന്നതെന്നും അവര്‍ ചോദിച്ചു.

അക്ബറിന്റെ രാജി തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും എന്നാൽ സമാനമായ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായിരുന്നുവെങ്കില്‍ ഞാന്‍ രാജി ആവശ്യപ്പെട്ടേനെ എന്നും അവര്‍ വ്യക്തമാക്കി.