ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഫീസ് നിര്‍ണ്ണയ സമിതിയോട് നിര്‍ദേശിച്ചേക്കുമെന്ന് വാദത്തിനിടയില്‍ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു.

ഫീസ് നിര്‍ണ്ണയ സമിതിയോട് സഹകരിക്കാന്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളോട് നിര്‍ദേശിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ഓരോ മെഡിക്കല്‍ കോഴ്‌സിനും ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തിലാകണം ഫീസ് നിശ്ചയിക്കേണ്ടത്. മെഡിക്കല്‍ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകള്‍ ഫീസ് നിശ്ചയിക്കുമ്പോള്‍ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഫീസ് നിര്‍ണ്ണയ സമിതിയുടെ കൈകള്‍ സുപ്രീം കോടതി ബന്ധിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍കളുടെ അഭിഭാഷകരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോളേജുകള്‍ നല്‍കുന്ന ശുപാര്‍ശ പരിശോധിക്കാന്‍ മാത്രമേ ഫീസ് നിര്‍ണ്ണയ സമിതിക്ക് അധികാരം ഉള്ളുവെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫീസ് കണക്കാക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യത്തിന് സമയം സമിതി നല്‍കുന്നില്ലെന്നും മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു.

സമിതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി പതിനൊന്ന് ലക്ഷം രൂപ വിദ്യാത്ഥികളില്‍ നിന്ന് ഈടാക്കാന്‍ 2017 ല്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു. 2016 ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഫീസ് സംബന്ധിച്ച വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടാല്‍ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി 11 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ കോടതിയോട് ആവശ്യപെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും സുപ്രീം കോടതി തങ്ങളുടെ വിധിയില്‍ വ്യക്തത വരുത്തും.

2017 മുതല്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാര്‍ത്ഥികളെ സുപ്രീംകോടതി വിധി ബാധിക്കും. 2016 ല്‍ രണ്ട് കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും വിധി ബാധകമാകും.

content highlights: Fees in self-financing medical colleges, Supreme Court verdict tomorrow