അനന്യ ശർമയും അച്ഛൻ സഞ്ജയ് ശർമയും ഹോക്-132 യുദ്ധവിമാനത്തിനുമുന്നിൽ
ബിദര്‍(കര്‍ണാടക): എയര്‍കമ്മഡോര്‍ സഞ്ജയ് ശര്‍മയും ഫ്‌ളയിങ് ഓഫീസറായ മകള്‍ അനന്യ ശര്‍മയും ഇന്ത്യന്‍ വ്യോമസേനയില്‍ ആഹ്‌ളാദത്തിന്റെ പുതിയ ചരിത്രം കുറിച്ചു. പ്രത്യേകദൗത്യത്തിന്റെ ഭാഗമായി ഒരേ യുദ്ധവിമാനഫോര്‍മേഷനില്‍ പറക്കുന്ന ആദ്യത്തെ അച്ഛനും മകളുമായി ഇരുവരും. കര്‍ണാടകത്തിലെ ബിദര്‍ വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഹോക്-132 യുദ്ധവിമാനസംഘത്തില്‍ അംഗങ്ങളായിട്ടായിരുന്നു ആ അപൂര്‍വത.
'അച്ഛനും മകളും വ്യോമസേനയില്‍ പുതിയ അധ്യായമെഴുതി. അനന്യ ശര്‍മ പരിശീലനം നടത്തുന്ന കര്‍ണാടകത്തിലെ ബിദര്‍ വ്യോമതാവളത്തില്‍ മേയ് 30-നായിരുന്നു ആ മുഹൂര്‍ത്തം.' -സേനാ വക്താവ് ട്വിറ്ററില്‍ കുറിച്ചു.
'എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസം' -മകള്‍ക്കൊപ്പം പറക്കാനായതിന്റെ ആഹ്‌ളാദം സഞ്ജയ് ശര്‍മ പങ്കിടുന്നത് ഇങ്ങനെ. ''ചെറുപ്രായത്തില്‍ത്തന്നെ യുദ്ധവിമാനത്തിന്റെ പൈലറ്റാകാനാണ് അനന്യ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍, അക്കാലത്ത് വനിതകള്‍ക്ക് വ്യോമസേനാ യുദ്ധവിമാനങ്ങള്‍ പറത്താന്‍ അനുമതി ഉണ്ടായിരുന്നില്ല. പക്ഷേ, ഞാനവളെ പ്രോത്സാഹിപ്പിച്ചു. നിരാശപ്പെടരുത്, ഒരു നാള്‍ വരും, നിനക്കതിനു കഴിയും... പറഞ്ഞതുപോലെതന്നെ സംഭവിച്ചു. അനന്യ വ്യോമസേനയില്‍ ഫൈറ്റര്‍ പൈലറ്റായി നിയമിതയായി. അതിലെനിക്ക് വലിയ അഭിമാനവുമുണ്ട്.''
അച്ഛനെപ്പോലെ യുദ്ധവിമാനങ്ങള്‍ പറത്തുകയെന്നത് വലിയസ്വപ്നമായിരുന്നെന്ന് അനന്യയും പറയുന്നു. ''അതു സാക്ഷാത്കരിക്കാനായി. ഇപ്പോള്‍ അച്ഛനൊപ്പം വിമാനം പറത്തുകയെന്ന മോഹവും നിറവേറി. ഇതില്‍പ്പരമെന്തു വേണം?'' -അനന്യ പറയുന്നു. വാക്കുകളില്‍ പ്രകടിപ്പിക്കാനാവാത്ത സന്തോഷവും അഭിമാനവുമെന്നാണ് അമ്മ സൊനാല്‍ ശര്‍മ ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത്.
2016-ല്‍ വ്യോമസേനയിലെത്തിയ വനിതാ ഫൈറ്റര്‍ പൈലറ്റ് ആദ്യബാച്ചുകാരിയാണ് അനന്യ. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക് ബിരുദം നേടിയ േശഷമാണ് പരിശീലനം തുടങ്ങിയത്. 2021 ഡിസംബറില്‍ ഫൈറ്റര്‍ പൈലറ്റായി നിയമനം.
1989-ലാണ് എയര്‍ കമ്മഡോര്‍ സഞ്ജയ് ശര്‍മ വ്യോമസേയില്‍ നിയമിതനാകുന്നത്. യുദ്ധവിമാനങ്ങള്‍ പറത്തി വിപുലമായ അനുഭവസമ്പത്തുണ്ട്. മിഗ്-21 സ്‌ക്വാഡ്രനെ നിയന്ത്രിച്ച പരിചയവുമുണ്ട്.
Content Highlights: Father and daughter on duty in same flight of Airforce
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..