ന്യൂഡല്‍ഹി: യുവതി ഓടിച്ചിരുന്ന കാറിടിച്ച് ഡല്‍ഹിയില്‍ നാല് പേര്‍ക്ക് ഗുരുതരപരിക്ക്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഇരുപത്തൊമ്പതുകാരി ഓടിച്ചിരുന്ന ബിഎംഡബ്യു കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. 

ലജ്പത് നഗറിലെ അമര്‍ കോളനിയില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാക്യാമറയില്‍ രാത്രി പത്ത് മണിയോടെ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് പോകാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. ഫാഷന്‍ ഡിസൈനറായ രോഷ്‌നി അറോറയാണ് കാറോടിച്ചിരുന്നതെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്. 

യുവതിയെ ജാമ്യത്തില്‍ വിട്ടയച്ചു. മെഡിക്കല്‍ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ല. കാറില്‍ ഒപ്പമുണ്ടായിരുന്ന വളര്‍ത്തുനായ തന്റെ നേരെ ചാടിയതിനെ തുടര്‍ന്ന് അറിയാതെ ആക്‌സിലറേറ്റര്‍ അമര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അപകടമെന്ന് യുവതി മൊഴി നല്‍കി. കാറില്‍ നിന്ന് ഐസ്‌ക്രീം കണ്ടെത്തിയിരുന്നു.

ആക്‌സിലറേറ്ററില്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ട് നീങ്ങി ഐസ്‌ക്രീം വില്‍പനക്കാരനേയും മറ്റു മൂന്ന് പേരെയും ഇടിക്കുകയായിരുന്നു. ഐസ്‌ക്രീം വില്‍പ്പനവണ്ടി സംഭവസ്ഥലത്തു നിന്ന് ഏതാനും മീറ്റര്‍ അകലേക്ക് തെറിച്ചു വീണു. നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.