ഫാറൂഖ് അബ്ദുല്ല | Photo: ANI
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥി നിര്‍ണയം സംബന്ധിച്ച് പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുന്നു. ശരദ് പവാര്‍ പിന്മാറിയതിന് പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ജമ്മു കശ്മീരിന്റെ നിലവിലെ സാഹചര്യത്തിൽ തന്റെ പ്രവര്‍ത്തനം അവിടെ ആവശ്യമാണെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവായ ഫാറൂഖ് അബ്ദുല്ല പറയുന്നത്. ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ കൂടിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
തീരുമാനത്തെക്കുറിച്ച് മുതിർന്നവരോടും സഹപ്രവർത്തകരോടും ചർച്ച ചെയ്തു. രാജ്യത്തെ ഏറ്റവും ഉയർന്ന ഓഫീസിൽ ഇരിക്കുക എന്നത് വളരെ അഭിമാനമാണ്. എന്നാൽ ജമ്മു കശ്മീർ ഏറ്റവും നിർണായക ഘട്ടത്തിൽ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് തന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് അബ്ദുല്ല പ്രസ്താവനയിൽ അറിയിച്ചു.
പ്രതിപക്ഷ പാർട്ടികൾ പ്രധാനമായും ശരത് പവാറിനെയായിരുന്നു രാഷ്ട്രപതി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശരത് പവാർ പിന്മാറുകയായിരുന്നു. പട്ടികയിൽ പരിഗണനയിൽ ഉണ്ടായിരുന്ന മറ്റൊരു പേര് ഫാറൂഖ് അബ്ദുല്ലയുടേതായിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളോട് ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
രാഷ്ട്രപതി സ്ഥാനാർഥിയായി തന്റെ പേര് പരിഗണിച്ചതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്നും അബ്ദുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാല്‍ ഇതോടെ പ്രതിപക്ഷ നിരയിലെ രാഷ്ട്രപതി സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..