ബെംഗളൂരു: ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കളാണെന്ന് കര്‍ണാടക കൃഷി മന്ത്രി ബി.സി. പാട്ടീല്‍ പറഞ്ഞു. ഭാര്യയെയും മക്കളെയും പരിപാലിക്കാന്‍ കഴിയാത്ത ഭീരുക്കള്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മള്‍ വെള്ളത്തില്‍ വീണാല്‍, നീന്തുകയും വിജയിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നമ്പേട്ടില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു ബി.സി. പാട്ടീല്‍. കാര്‍ഷിക വ്യവസായം എത്ര ലാഭകരമാണെന്ന് മുള കര്‍ഷകരോട് വിശദീകരിക്കുയായിരുന്നു മന്ത്രി. ഇതിനിടയിലാണ് ചില ഭീരുക്കള്‍ അത് മനസിലാക്കാതെ ആത്മഹത്യ ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞത്.

തന്റെ നിലപാട് വിശദീകരിക്കാന്‍ പാട്ടീല്‍ സ്വര്‍ണ്ണ വളകള്‍ ധരിച്ച ഒരു സ്ത്രീയുടെ കഥ ഉദാഹരണമായി ഉദ്ധരിച്ചു. കൈകളിലെ സ്വര്‍ണ്ണ വളകളെക്കുറിച്ച്  ചോദിച്ചപ്പോള്‍, 35 വര്‍ഷത്തെ അധ്വാനത്തിന് ഭൂമിദേവി നല്‍കി എന്നാണ് ആ സ്ത്രീ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഒരു സ്ത്രീ കൃഷിയെ പൂര്‍ണമായും ആശ്രയിക്കുകയും വലിയൊരു നേട്ടം കൈവരിക്കുകയും ചെയ്യുമ്പോള്‍ മറ്റ് കര്‍ഷകര്‍ക്ക് അത് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയെ കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അപലപിച്ചു. മന്ത്രി കര്‍ഷക സമൂഹത്തോട് അനാദരവ് കാണിച്ചുവെന്നും ഇതിന് കര്‍ഷകരോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് വക്താവ് വി.എസ്.ഉഗ്രപ്പ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

Content Highlights: Farmers Who Commit Suicide Are Cowards: K'taka Agriculture Minister Amid Protests in North India