ന്യൂഡല്‍ഹി: കഴിഞ്ഞ 15 മാസത്തിലേറെയായി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ തീവ്രശ്രമം. താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മിക്കവതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി.

അതേസമയം, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുണ്ടെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു കര്‍ഷക സംഘടനാ പ്രതിനിധികളുടെ പ്രതികരണം. സമരത്തിന്റെ ഭാവിയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും അഞ്ചംഗ സമിതി നാളെ ചര്‍ച്ചചെയ്യും. ഇതിന് ശേഷം തീരുമാനം പ്രഖ്യാപിക്കും.

എംഎസ്പി സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുമെന്നും വൈക്കോല്‍ കത്തിച്ചതിന് കര്‍ഷകരുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കര്‍ഷകരുടെ മറ്റു ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

എംഎസ്പി സംബന്ധിച്ച കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരുകളുടേയും കര്‍ഷകരുടേയും വിദഗ്ധരുടേയും പങ്കാളിത്തം ഉറപ്പാക്കും. ഉത്തര്‍പ്രദേശ്, ഹരിയാണ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും. സമരം പിന്‍വലിക്കുന്ന മുറയ്ക്കാകും ഇതുണ്ടാകുക. മറ്റു സംസ്ഥാന സര്‍ക്കാരുകളോടും കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുമെന്നും കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഹരിയാണ, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് തത്വത്തില്‍ അംഗീകരിച്ചതായും കത്തില്‍ പറയുന്നു. പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വൈദ്യുതി ബില്‍ സഭയില്‍ വെക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തും. മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷകവിരുദ്ധമായ ക്രിമിനല്‍ നടപടി ഒഴിവാക്കുമെന്നും കത്തില്‍ പറയുന്നു.

ലഖിംപുര്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കത്തില്‍ പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എംഎസ്പിയിലും വൈദ്യുത ബില്ലിലും വ്യക്തയില്ലെന്നും കര്‍ഷക സഘടനാ പ്രതിനിധകള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതല്‍ കൂടിയാലോചനകള്‍ നാളെ നടത്തും. അതിന് ശേഷം തീരുമാനമുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങള്‍

  • സമഗ്രമായ ഉല്‍പാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള എംഎസ്പി എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും എല്ലാ കര്‍ഷകര്‍ക്കും നിയമപരമായ അവകാശമാക്കണം.
  • കേന്ദ്രം മുന്നോട്ടുവെച്ച കരട് വൈദ്യുതി നിയമ ഭേദഗതി ബില്‍ 2020/2021 പിന്‍വലിക്കുക.
  • ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകരെ ശിക്ഷിക്കുന്നതിനുള്ള എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനിലെ  വ്യവസ്ഥകള്‍ നീക്കംചെയ്യുക
  • ഡല്‍ഹി, ഹരിയാണ, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കുക.
  • ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക.
  • പ്രക്ഷോഭത്തില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം. മരിച്ച കര്‍ഷകരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മിക്കാന്‍ സിംഘു അതിര്‍ത്തിയില്‍ ഭൂമി നല്‍കണം.