ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിശാല യോഗത്തിലാണ് തീരുമാനം.

കര്‍ഷകപ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും യോഗത്തില്‍ തീരുമാനമായി. ഈ കത്ത് അടുത്ത ദിവസംതന്നെ പുറത്തിറക്കും. ഇതിനു ശേഷം 27-ാം തീയതി വീണ്ടും യോഗം ചേരും. കത്തിനുള്ള മറുപടി ഈ യോഗത്തില്‍ വിലയിരുത്തും. ഈ യോഗത്തിലായിരിക്കും സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. നിലവില്‍ നിശ്ചയിച്ചിട്ടുള്ള 27-ാം തീയതി വരെയുള്ള സമരപരിപാടികള്‍ അതനുസരിച്ചുതന്നെ നടക്കും.

മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക, സമരക്കാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക തുടങ്ങി അഞ്ച് കാര്യങ്ങളിലാണ് കര്‍ഷകര്‍ കത്തയയ്ക്കുക. ഈ വിഷയങ്ങള്‍ക്ക് സര്‍ക്കാര്‍ എന്ത് മറുപടി നല്‍കുന്നു എന്നതനുസരിച്ചായിരിക്കും തുടര്‍ സമരങ്ങള്‍ സംബന്ധിച്ച് തീരുമാനിക്കുക.

സമരസമിതി നേതാക്കളെ സര്‍ക്കാര്‍ അനൗദ്യോഗികമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര മന്ത്രിയസഭ വിഷയം ചര്‍ച്ചചെയ്യുന്നുണ്ട്.

Content Highlights: Farmers Say Protests To Go On Till Laws Repealed, Demand Price Guarantees