ചെങ്കോട്ടയ്ക്ക് മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് നീക്കാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ. ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം. പലയിടങ്ങളിലും കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഉച്ചയോടെ ഡല്‍ഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസ്സങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി.
കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. അതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. പരസ്പരം ഏറ്റുമുട്ടലായി. അക്ഷരാര്‍ഥത്തില്‍ തെരുവുയുദ്ധമായി മാറുകയായിരുന്നു ഡല്‍ഹി.
ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. കര്‍ഷകര്‍ ചെങ്കോട്ടയില്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്.
പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് തലസ്ഥാനത്തേക്ക് ഇരച്ചുകയറിയ കര്‍ഷകര്‍ ഡല്‍ഹി നഗരഹൃദയത്തിലേക്ക് 12.30 ഓടെ പ്രവേശിച്ചു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ ഇരമ്പിയെത്തിയ ട്രാക്ടര്‍ റാലിയെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ മാര്‍ച്ച് അക്രമാസക്തമായതോടെ ഇന്ദ്രപ്രസ്ഥ മെട്രോ സ്റ്റേഷനും ഗീന് ലൈനിലെ സ്റ്റേഷനുകളും അടച്ചു. ഡല്‍ഹിയിലേക്കുളള റോഡുകളും അടച്ചു.
റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ചുമണിക്കൂര്‍ റാലി എന്ന് പോലീസുമായി ഉണ്ടാക്കിയ ധാരണകളെ കാറ്റില്‍ പറത്തിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്.
ട്രാക്ടറുകള്‍ക്ക് പുറമെ ആയിരക്കണക്കിന് ആളുകള്‍ കാല്‍നടയായി ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്. ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര് വാതകം പ്രയോഗിച്ചത്. കര്‍ഷര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു ഇത്. പിന്തിരിഞ്ഞ് ഓടിയ കര്‍ഷകര്‍ വീണ്ടും സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചു.
സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കര്ഷകമാര്ച്ചിലുള്ള ജനങ്ങളുടെ പങ്കാളിത്തം
12 മണിക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ രാവിലെ എട്ടു മണിയോടെ ടാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു.
Content Highlight: Farmers' Republic Day tractor march Entered Delhi
Updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..