ന്യൂഡല്‍ഹി: ദേശീയ പാതയില്‍നിന്ന് സമരവേദി മാറ്റണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആവശ്യം തള്ളി കര്‍ഷകര്‍. സര്‍ക്കാര്‍ പറഞ്ഞ സ്ഥലത്ത് സമരം ചെയ്യാനാകില്ല. ഉപാധികളോടെ ചര്‍ച്ച ചെയ്യാമെന്ന അമിത് ഷായുടെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ തൊട്ടടുത്ത ദിവസം ചര്‍ച്ച നടത്താമെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം കര്‍ഷകരോട് പറഞ്ഞിരുന്നത്.

പ്രധാനമായും പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് സിംഘു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി ഉടന്‍തന്നെ പ്രഖ്യാപിക്കും.

സര്‍ക്കാര്‍ നിശ്ചയിച്ച ബുറാഡി മൈതാനത്തേക്ക് സമരവേദി മാറ്റേണ്ടതില്ല എന്നു തന്നെയാണ് അഖിലേന്ത്യ കോര്‍ഡിനേഷന്‍ സമിതിയുടെയും തീരുമാനം. ദേശീയപാതയിലെ സമരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നുമുണ്ട്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

content highlights: farmers rejects amit shah's proposal