ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ ഭരണത്തില്‍ തുടരുന്ന നാള്‍വരെ തലസ്ഥാനത്തെ സമരം തുടരാന്‍ കര്‍ഷകര്‍ തയ്യാറാണെന്ന് മുതിര്‍ന്ന കര്‍ഷക നേതാവ് മഹേന്ദ്ര സിങ്  ടികായത്തിന്റെ മകന്‍ നരേന്ദ്ര ടികായത്. കേന്ദ്ര സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും സമരത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും നരേന്ദ്ര  ടികായത്ത് വ്യക്തമാക്കി. 

ടികായത്ത് കുടുംബാംഗങ്ങള്‍ സമരത്തിനായി പണം കൈപ്പറ്റി എന്ന തരത്തിലുള്ള ആരോപണങ്ങള്‍ നരേന്ദ്ര ടികായത്ത് നിഷേധിച്ചു. ഇക്കാര്യം തെളിയിച്ചാല്‍ തങ്ങള്‍ സമരത്തിന്റെ നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണ്. രാജ്യത്തുണ്ടായ മറ്റ് സമരങ്ങള്‍ ഇല്ലാതാക്കിയ പോലെ കര്‍ഷക സമരത്തെയും തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 

സര്‍ക്കാര്‍ ഈ സമരത്തെ വിലകുറച്ചു കണ്ടു. ഒരുപക്ഷേ സമാനമായ പ്രക്ഷോഭങ്ങള്‍ അവര്‍ മുന്‍പ് കണ്ടിട്ടില്ലാത്തതിനാലാവാം അത്. പക്ഷെ ഇത്തരം പ്രക്ഷോഭം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ചെറിയ സമരങ്ങളും പ്രക്ഷോഭങ്ങളും മാത്രമേ അവര്‍ മുന്‍പ് കണ്ടുകാണുകയുള്ളു. ഈ സമരത്തെ തകര്‍ക്കാന്‍ അവര്‍ക്കാവില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാവുന്നത് വരെ കര്‍ഷകര്‍ സമരവുമായി മുന്‍പോട്ട് പോകും. ആവശ്യങ്ങള്‍ ഭാവിയില്‍ പരിഗണിക്കാമെന്നോ ഭാഗികമായി പരിഗണിക്കാമെന്നോ ഉള്ള ഉറപ്പുകള്‍ കൊണ്ട് സമരം നിര്‍ത്തില്ല.

താന്‍ തന്റെ നാട്ടില്‍ കൃഷി ചെയ്യുകയാണെങ്കിലും തന്റെ മനസ്സ് സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പമാണ്. താന്‍ ഇടക്കിടെ ഗാസിയാപ്പുരിലെ കര്‍ഷക സമരവേദി സന്ദര്‍ശിക്കാറുണ്ടെന്നും നരേന്ദ്ര ടികായത്ത് പി.ടി.ഐയോട് പറഞ്ഞു.

1986-ല്‍ ഭാരതീയ കിസാന്‍ യൂണിയന്‍ എന്ന കര്‍ഷക പ്രസ്ഥാനം സ്ഥാപിച്ച കര്‍ഷക നേതാവ് മഹേന്ദ്ര സിങ് ടികായത്തിന്റെ ഇളയമകനാണ് നരേന്ദ്ര  ടികായത്ത്. കര്‍ഷക സമരത്തിന്റെ നേതൃത്വമായി പ്രവര്‍ത്തിക്കുന്ന മൂത്ത സഹോദരന്‍മാരായ നരേഷ്, രാകേഷ് ടികായത്തുമാരില്‍ നിന്ന് വ്യത്യസ്തമായി മുഴുവന്‍ സമയ കര്‍ഷകനാണ് നരന്ദ്ര  ടികായത്ത്. നിലവില്‍ സംഘടനയില്‍ സ്ഥാനങ്ങളൊന്നും വഹിക്കാത്ത നരേന്ദ്ര ടിക്കായത്താണ് ടിക്കായത്ത് കുടുംബത്തിന്റെ കൃഷി കാര്യങ്ങള്‍ നോക്കി നടത്തുന്നത്.

Content Highlights: Farmers ready to continue protest on Delhi borders till Modi govt lasts says Narendra Tikait