ന്യൂഡൽഹി: കർഷകരുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ കൂടുതൽ പോലീസും അർധസൈനികരും തലസ്ഥാനത്ത്. ചെങ്കോട്ടയില്‍ കയറിയ കർഷകരെ അവിടെനിന്ന് ഒഴിപ്പിക്കാനാണ് നിലവിൽ പോലീസിന്റെ ശ്രമം. ഇതിനായി കൂടുതൽ പോലീസുകാർ ചെങ്കോട്ടയിലെത്തി.

അതിനിടെ, ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കർഷകരും പോലീസുമായുള്ള തെരുവുയുദ്ധം തുടരുകയാണ്. ഐ.ടി.ഒ.യിൽ സമരക്കാർക്ക് നേരേ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സമരക്കാരെ പിരിച്ചുവിടാൻ ലാത്തിച്ചാർജും നടത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ട്രാക്ടർ മാർച്ചുമായി മുന്നോട്ടുപോയത്. തടയാൻ ശ്രമിച്ച പോലീസിന് നേരേ ട്രാക്ടറുകളുമായി പാഞ്ഞടുത്തു.അക്രമത്തിനിടെ പോലീസ് വാഹനങ്ങളും ബസുകളും തകർത്തു.

സംഘർഷത്തിൽ കർഷകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ഡൽഹിയിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചു. ഡൽഹി മെട്രോ ഗ്രീൻലൈനിലെ വിവിധ സ്റ്റേഷനുകളും അടച്ചിട്ടു. സമരക്കാരെ ശാന്തരാക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല.

Content Highlights:farmers rally in delhi clash continues