ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വസതിയില്‍ ഞായറാഴ്ച രാത്രി തിരക്കിട്ട ചര്‍ച്ചകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 

കര്‍ഷകരുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമരം ബുരാഡിയിലേക്ക് മാറ്റാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സമരവേദി മാറ്റണമെന്ന അഭ്യര്‍ഥന കര്‍ഷക സംഘടനകള്‍ തള്ളുകയാണുണ്ടായത്. തൊട്ടുപിന്നാലെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്.

അതിനിടെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ ആവര്‍ത്തിച്ചിരുന്നു. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വാതിലുകളും അവസരങ്ങളും തുറന്നു നല്‍കും. പുതിയ അവകാശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുകയണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Content Highlights: Farmers' protests: Union Ministers meet at JP Nadda's residence