ഗാസിയാബാദ്: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് റദ്ദാക്കുന്നതുവരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

സമരം അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണം-ടിക്കായത്ത് പറഞ്ഞു.

ഗുരുനാനക് ജയന്തിയോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവാദ കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ബില്ലിന്റെ ഗുണഫലങ്ങള്‍ സംബന്ധിച്ച് ഒരു വിഭാഗം കര്‍ഷകരെ ബോധവത്കരിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.