ഡൽഹിയിലെ കർഷക പ്രതിഷേധം | photo: ANI
ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരേ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ എട്ട് മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം.ടി.സി). കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലേക്കും തുടർന്ന് രാജ്യത്തുടനീളവും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഡിസംബർ എട്ട് മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ സർവീസും അവസാനിപ്പിക്കും. ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള എല്ലാ വാഹനങ്ങളും അവിടെ നിർത്തിയിടും. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തുള്ള എല്ലാ വാഹനങ്ങളും നിർത്തിയിട്ട് ഗതാഗതം സ്തംഭിപ്പിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും എ.ഐ.എം.ടി.സി പ്രസിഡന്റ് കുൽതരൻ സിങ് വ്യക്തമാക്കി.
ഉരുളക്കിഴങ്ങ്, ഉള്ളി, പഴം, പച്ചക്കറി, ആവശ്യസാധനങ്ങളായ പാൽ, മരുന്ന് എന്നിവയുടെയെല്ലാം നീക്കം തടസപ്പെട്ടിരിക്കുകയാണ്. ഇത് ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇവയുടെ ക്ഷാമത്തിന് കാരണമാകും. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സർക്കാർ വിവേകപൂർണവും പ്രായോഗികവുമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും എ.ഐ.എം.ടി.സി മുന്നറിയിപ്പ് നൽകി.
രാജ്യത്തുടനീളം ഏകദേശം ഒരുകോടിയോളം ട്രക്ക് ഉടമകളാണ് സംഘടനയ്ക്ക് കീഴിലുള്ളത്. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ അറുപത് ശതമാനവും റോഡ് മാർഗമാണെന്നാണ് കേന്ദ്ര ഗതാഗത വകുപ്പിന്റെ കണക്ക്.
content highlights:Transporters call for nation-wide strike in support
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..