ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേയാണ് രാജ്യതലസ്ഥാനത്ത് കർഷകരുടെ പ്രതിഷേധം ആരംഭിച്ചത്. 2020 സെപ്റ്റംബറിൽ നിയമം പാർലമെന്റിൽ പാസാക്കിയതോടെ കർഷക സമരത്തിന്റെ ശക്തിയും വീര്യവും വർധിക്കുകയായിരുന്നു.നിയമം പാസാക്കാൻ സർക്കാർ ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ തന്നെ കർഷകർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

2020 ജൂണിൽ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികളും സമരങ്ങളും അരങ്ങേറി. എന്നാൽ എതിർപ്പുകൾ മറികടന്ന് കേന്ദ്രം നിയമങ്ങൾ പാസാക്കിയപ്പോൾ കർഷകരുടെ പ്രതിഷേധവും ശക്തമായി. പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് വൻപ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി കർഷകരുടെ പിന്തുണ ലഭിച്ചതോടെ സമരം വലുതായി. വിവിധ കർഷക സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കർഷക സംഘടനകളുടെ കൂട്ടായ്മ പ്രതിഷേധങ്ങളെ ഒരുമിപ്പിച്ചു.

ട്രെയിൻ തടയൽ അടക്കമുള്ള വിവിധ സമരപരിപാടികൾക്ക് പിന്നാലെയാണ് കർഷകർ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് കൂട്ടത്തോടെയെത്തുമെന്നുമായിരുന്നു കർഷകരുടെ പ്രഖ്യാപനം. നവംബറില്‍ തുടങ്ങിയ ഡൽഹി ചലോ മാർച്ചിൽ പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിൽനിന്നുള്ള കർഷകരാണ് അണിനിരന്നത്. ഡൽഹി അതിർത്തിയിൽ ഇവരെ തടഞ്ഞതോടെ കർഷകസമരം സംഘർഷത്തിൽ കലാശിച്ചു. പക്ഷേ, എന്തുവന്നാലും തങ്ങൾ പിന്നോട്ടില്ലെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം.

ഓരോദിവസം കൂടുന്തോറും ഡൽഹിയിലെ അതിർത്തിയിലെത്തുന്ന കർഷകരുടെ എണ്ണം വർധിച്ചു. വിവിധ അതിർത്തിയിൽ തമ്പടിച്ച് സമാധാനപരമായിട്ടായിരുന്നു കർഷകർ സമരം തുടർന്നത്. സമരക്കാർ ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ പോലീസും പരിശ്രമിച്ചു.

സമരത്തിന് പിന്തുണയേറിയതോടെ കർഷക സംഘടന പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്രം തയ്യാറായി. എന്നാൽ ഡിസംബർ അഞ്ചിന് നടന്ന ചർച്ച പരാജയപ്പെട്ടു. ഇതോടെ ഡിസംബർ എട്ടിന് ദേശീയ ബന്ദ് നടത്തുമെന്ന് കർഷക നേതാക്കൾ പ്രഖ്യാപിച്ചു.

ഡിസംബർ ഒമ്പതിന് നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താമെന്ന സർക്കാർ നിർദേശം സമരക്കാർ തള്ളി. നിയമം പൂർണമായി പിൻവലിക്കണമെന്ന് തന്നെയായിരുന്നു ഇവരുടെ നിലപാട്. ഡിസംബർ 14-ന് കർഷകർക്ക് പിന്തുണയുമായി രാജ്യവ്യാപകമായി ധർണസമരങ്ങൾ അരങ്ങേറി.

ഡൽഹിയിലേക്കുള്ള വിവിധ പാതകൾ കർഷകർ ഉപരോധിച്ചു. തിക്രി, സിംഘു അതിർത്തികളിൽ തമ്പടിച്ച് കർഷകർ സമരം തുടർന്നു. വിവിധ സന്നദ്ധ സംഘടനകൾ കർഷകർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. റോഡരികിൽ പാചകം ചെയ്ത് സമാധാനപരമായ പ്രതിഷേധങ്ങളുമായി ഓരോ ദിവസവും അവർ തള്ളിനീക്കി. വിവിധ സംഘടനകൾ വിപുലമായ സൗകര്യങ്ങളാണ് കർഷകർക്ക് ഒരുക്കിയത്. ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തുന്നതിനൊപ്പം വൈദ്യസഹായവും മറ്റുസൗകര്യങ്ങളും കർഷകർക്ക് ലഭ്യമാക്കി.

കർഷക സമരത്തിൽ ഇതുവരെ 41 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഏകദേശ കണക്ക്. സമാധാനപരമായി ആരംഭിച്ച സമരത്തിനിടെ പിന്നീട് ആത്മഹത്യകളും അരങ്ങേറി. സമരത്തിനിടെ ചിലർ മറ്റു അസുഖങ്ങളെ തുടർന്നും മരണപ്പെട്ടു. കൊടുംശൈത്യത്തിലും ഡൽഹിയിലെ അതിർത്തികളിൽ ശക്തിചോരാതെയാണ് കർഷകരുടെ സമരം മുന്നോട്ടുപോയത്. കുട്ടികളും സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ളവർ അണിനിരന്ന സമരവേദികളിൽനിന്നുള്ള ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായി. ഇന്ത്യയിലെ കർഷകർക്ക് പിന്തുണയുമായി യുഎസ്, ന്യൂസിലാൻഡ് അടക്കമുള്ള രാജ്യങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി.

പതിനൊന്നുതവണയാണ് കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളും തമ്മിൽ ചർച്ച നടത്തിയത്. കേന്ദ്രവുമായി ചര്‍ച്ചക്കെത്തിയ കര്‍ഷക നേതാക്കള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കാതെ സ്വയം തയ്യാറാക്കിയ ഭക്ഷണം വിജ്ഞാന്‍ ഭവനിലെ വരാന്തയില്‍ നിലത്തിരുന്ന് കഴിച്ചതും മീറ്റിങ്ങില്‍ മൗനം അവലംബിച്ച് യെസ്, നോ പ്ലക്കാര്‍ഡുകളിലൂടെ സംവദിച്ചും സമാധാനപരമായ സമരമാണ് കര്‍ഷകര്‍ നടത്തിയത്. 

എന്നാൽ ഒരു ചർച്ചയും ഫലംകണ്ടില്ല. ഇതിനിടെ, കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും സമരത്തിൽ മാറ്റമുണ്ടായില്ല. വിഷയം പഠിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചെങ്കിലും അതിലും അസ്വാരസ്യങ്ങളുണ്ടായി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കർഷകർ ജനുവരി 26-ന് ഡൽഹിയിൽ ട്രാക്ടർ റാലി പ്രഖ്യാപിച്ചത്. എന്നാൽ മുൻനിശ്ചിച്ച റൂട്ടുകളിൽനിന്നും വ്യതിചലിച്ച റാലി പോലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷത്തിൽ കലാശിച്ചു.

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി പിന്നീട് അക്രമത്തിലേക്ക് നീങ്ങുന്നതിലേക്കാണ് ഡൽഹി സാക്ഷ്യംവഹിച്ചത്. പോലീസുമായി കർഷകർ ഏറ്റുമുട്ടി. ഐ.ടി.ഒ. ദിൽഷാദ് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. സമരക്കാർക്കും പോലീസിനും പരിക്കേറ്റു. പോലീസ് വാഹനങ്ങളും ബസുകളും തകർത്തു. കർഷകരെ തടയാൻ പോലീസ് പിടിപ്പത് പണിപ്പെട്ടെങ്കിലും എല്ലാം പരാജയപ്പെട്ടു. എല്ലാ തടസങ്ങളും നീക്കി പോലീസിനെ മറികടന്ന് ഒടുവിൽ ചെങ്കോട്ടയിൽ വരെ കർഷകർ പ്രവേശിച്ചു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് ഇവരെ ഇവിടെനിന്ന് നീക്കിയത്.

രണ്ടുമാസത്തിലേറെ സമാധാനപരമായി നടന്നിരുന്ന സമരം റിപ്പബ്ലിക് ദിനത്തിൽ സംഘർഷത്തിൽ കലാശിച്ചതും വലിയ ചർച്ചകൾ ഇടയായിട്ടുണ്ട്. അതിനിടെ, ചില സാമൂഹികവിരുദ്ധർ സമരത്തിൽ നുഴഞ്ഞുകയറിയെന്ന് സമരനേതാക്കൾ വ്യക്തമാക്കി. അക്രമികളെ ഇവർ തള്ളിപ്പറയുകയും ചെയ്തു.

Content Highlights:farmers protest timeline till republic day tractor rally