ന്യൂഡല്‍ഹി: കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. കിസാന്‍ സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. 

കര്‍ഷകര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, മിനിമം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കുക, കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതുള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിച്ച് കിസാന്‍ സംയുക്ത മോര്‍ച്ച കത്തയച്ചിരുന്നു. ഈ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കുന്നതു വരെ ഉപരോധ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. 

താങ്ങുവില സംബന്ധിച്ച് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കായി  അഞ്ച് അംഗങ്ങളെ ഇന്നത്തെ യോഗം നിശ്ചയിച്ചു. ഡിസംബര്‍ ഏഴിന് വീണ്ടും യോഗം ചേരും. ഇന്നത്തെ യോഗതീരുമാനങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കുമെന്നും കര്‍ഷക സംഘടന പ്രതിനിധികള്‍ അറിയിച്ചു. 

നാല്‍പ്പതോളം കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് സംയുക്ത കിസാന്‍ മോര്‍ച്ച. അതേസമയം പ്രധാന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം തുടരുന്നതില്‍ സംഘടനകള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. സംഘടനകളില്‍ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. സമരരീതി മാറ്റണമെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ ഉപരോധ സമരം അവസാനിപ്പിച്ചാല്‍ താങ്ങുവില നിയമപരമാക്കുക, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാകില്ലെന്നാണ് മറ്റ് വിഭാഗത്തിന്റെ പക്ഷം. 

നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിരുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദായിരുന്നു. 

Content Highlights: Farmers' protest: SKM forms five-member committee to hold talks with Centre