ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരേയുള്ള പ്രക്ഷോഭം തുടരുമെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്. 

മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമുള്ള ട്രാക്ടര്‍ റാലി അടക്കമുള്ള സമരരീതികള്‍ തുടരും. കര്‍ഷകര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്
ധനസഹായം നല്‍കണം തുടങ്ങിയ ഉപാധികള്‍ കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍വെയ്ക്കും. താങ്ങുവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു. 
നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. 

കാര്‍ഷിക മേഖലയില്‍ പരിഷ്‌കരണം അവകാശപ്പെട്ട് 2020 സെപ്റ്റംബറില്‍ കൊണ്ടുവന്ന നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച നിയമം, വില ഉറപ്പും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ കരാറിനായുള്ള നിയമം, അവശ്യവസ്തു ഭേദഗതിക്കുള്ള നിയമം എന്നീ മൂന്നു നിയമങ്ങള്‍ റദ്ദാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Content Highlights: Farmers Protest, Rallies to Continue As Planned