ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു പരിധി വരെ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടികായത്തിന്റെ പ്രതികരണം.

'ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഞങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശങ്ങളില്‍ ഒരു വ്യക്തതയുമില്ല', സമരം അവസാനിപ്പിക്കാന്‍ പോകുകയാണോ എന്ന ചോദ്യത്തിന് ടികായത്ത് മറുപടി നല്‍കി.

കര്‍ഷകരുടെ ആശങ്കകള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ നാളെ രണ്ടു മണിക്ക് യോഗം ചേരും. കര്‍ഷകര്‍ എങ്ങോട്ടേക്കും നിലവില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. നിര്‍ദേശങ്ങളില്‍ പലതും കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷമായി പറയുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ എല്ലാം പരിഹരിക്കുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബ് സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് മറ്റൊരു കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചദുനി പറഞ്ഞു.  അഞ്ചു ലക്ഷം രൂപയും ജോലിയും നല്‍കിയ പഞ്ചാബ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമം പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകരുടെ മറ്റു ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കര്‍ഷക നേതാക്കള്‍ക്ക് കത്ത് നല്‍കിയിരുന്നു. എംഎസ്പി സംബന്ധിച്ച കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരുകളുടേയും കര്‍ഷകരുടേയും വിദഗ്ധരുടേയും പങ്കാളിത്തം ഉറപ്പാക്കും. ഉത്തര്‍പ്രദേശ്, ഹരിയാണ സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും. സമരം പിന്‍വലിക്കുന്ന മുറയ്ക്കാകും ഇതുണ്ടാകുക. മറ്റു സംസ്ഥാന സര്‍ക്കാരുകളോടും കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുമെന്നും കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഹരിയാണ, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് തത്വത്തില്‍ അംഗീകരിച്ചതായും കത്തില്‍ പറയുന്നു. പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വൈദ്യുതി ബില്‍ സഭയില്‍ വെക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തും. മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷകവിരുദ്ധമായ ക്രിമിനല്‍ നടപടി ഒഴിവാക്കുമെന്നും കത്തില്‍ പറയുന്നു.

ലഖിംപുര്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കത്തില്‍ പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എംഎസ്പിയിലും വൈദ്യുത ബില്ലിലും വ്യക്തതയില്ലെന്നും കര്‍ഷക സഘടനാ പ്രതിനിധകള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ കൂടുതല്‍ കൂടിയാലോചനകള്‍ നാളെ നടത്തും. അതിന് ശേഷം തീരുമാനമുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.