ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ സുപ്രീംകോടതി ചൊവ്വാഴ്ച നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് ഭൂപീന്ദര്‍ സിങ് മന്‍ അറിയിച്ചു. പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
'ഒരു കര്‍ഷകനെന്ന നിലയിലും ഒരു യൂണിയന്‍ നേതാവെന്ന നിലയിലും കര്‍ഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത്, പഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാന്‍ ഞാന്‍ തയ്യാറാണ്. സമിതിയില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. ഞാന്‍ എല്ലായ്പ്പോഴും എന്റെ കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്‍ക്കുന്നു', മന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിങ് മന്‍. ഇദ്ദേഹമടക്കം സുപ്രീംകോടതി രൂപീകരിച്ച സമതിയിലെ നാല് പേരും കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്നും സമരംചെയ്യുന്ന കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭൂപീന്ദര്‍ സിങ് മന്‍ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനില്‍ ഘന്‍വാത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഇനിയൊരുത്തരവുണ്ടാകുന്നതുവരെ കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി, കര്‍ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗം കേട്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് നാലംഗ സമിതിയെ നിയോഗിച്ചത്.
Content Highlights: Farmers protest-Bhupinder Singh Mann recuses himself from SC's four-member committee