ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കും.രാജ്യതലസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷങ്ങളോടെയാണ് അവസാനിച്ചത്. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
സിംഘു അടക്കമുള്ള ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും നേരത്തെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.
ആയിരക്കണക്കിന് കര്‍ഷകരാണ് റിപ്പബ്ലിക് പരേഡിന് പിന്നാലെ ഇന്ന് രാവിലെ ആരംഭിച്ച ട്രാക്ടര്‍ പരേഡില്‍ അണി ചേര്‍ന്നത്. പ്രക്ഷോഭകരില്‍ ചിലര്‍ നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് മാറി പരേഡ് നടത്തിയതാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്. ചെങ്കോട്ടയടക്കം പിടിച്ചടക്കിയ പ്രതിഷേധക്കാര്‍ അവിടെ തങ്ങളുടെ പതാക ഉയര്‍ത്തി. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍ അക്രമസംഭവങ്ങളെ തള്ളി പറഞ്ഞ കര്‍ഷക സംഘടനകള്‍ ചിലര്‍ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ റാലിയില്‍ നുഴഞ്ഞുകയറിയതായി ആരോപിച്ചു.
സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചിരുന്നു. പോലീസ് വെടിവെയ്പ്പിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം മാറ്റാന്‍ പോലീസിനെ അനുവദിക്കാതെ ദേശീയ പതാക പുതപ്പിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സമരകേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റി.
സംഘര്‍ഷത്തില്‍ പതിനെട്ടോളം പോലീസുകാര്‍ ഡല്‍ഹി എല്‍എന്‍ജിപി ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കര്‍ഷര്‍ക്കും പരിക്കേറ്റിട്ടുണ്ട്.